14 മില്യണ്‍ ദിർഹത്തിന്റെ മയക്കുമരുന്ന് പിടികൂടി; 32 അംഗ സംഘം അറസ്റ്റിൽ

ഷാർജ: രാജ്യാന്തര തലത്തില്‍ ശൃംഖലകളുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു . 14 ദശലക്ഷത്തിലധികം ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നും പോലീസ് പിടിച്ചെടുത്തു. ഏഷ്യന്‍, അറബ് പൗരന്മാര്‍ അടങ്ങുന്ന 32 അംഗ അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെയാണ് ഷാര്‍ജ പോലീസിന്റെ ലഹരിവിരുദ്ധ സേന പിടികൂടിയത്.50 കിലോ കഞ്ചാവും 49 ലിറ്റര്‍ ലിക്വിഡ് ക്രിസ്റ്റലും സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.14 മില്യണ്‍ ദിര്‍ഹമാണ് ഇതിന്റെ വിപണി മൂല്യം.രാജ്യത്തേക്ക് പ്രവേശിക്കുന്ന വാാഹനങ്ങള്‍ക്കുള്ളിലാണ് ഇവര്‍ ലിക്വിഡ് ക്രിസ്റ്റല്‍ മയക്കുമരുന്ന് ഒളിപ്പിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒന്നിലധികം രാജ്യങ്ങളിലായി വിപുലമായ ക്രിമിനല്‍ ശൃംഖല ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അയല്‍ എമിറേറ്റിലെ ഒരു രഹസ്യ ഗോഡൗണായിരുന്നു നിയമവിരുദ്ധ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സംഘത്തിന്റെ ആസ്ഥാനം.’അണ്‍വെയിലിംഗ് ദി കര്‍ട്ടന്‍’ എന്ന പേരിലുളള ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ക്രമിനല്‍ സംഘം പിടിയിലായത്. വലിയ അളവില്‍ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അയല്‍ രാജ്യങ്ങളിലെ സുരക്ഷാ സേനയുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്. ഷാര്‍ജ പോലീസിന് നേരത്തെ സംഘത്തെപ്പറ്റി വിവരം ലഭിച്ചിരുന്നു.