ദുബായ് ;അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേര്‍ അറസ്റ്റിൽ

അബുദബി: അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘത്തിലെ 43 പേര്‍ ദുബായിൽ അറസ്റ്റിലായി. വിവിധ കമ്പനികളില്‍ നിന്ന് 36 ദശലക്ഷം ഡോളറാണ് സംഘം തട്ടിയെടുത്തത്. കമ്പനി സിഇഒമാരുടെ മെയില്‍ ഹാക്ക് ചെയ്‌ത്‌ ആ മെയിലിൽ നിന്ന് കമ്പനിയിലെ മാനേജർമാർക്ക് രാത്രിയിൽ വൻതുക ട്രാൻസ്ഫർ ചെയ്യണമെന്ന് മെയിൽ നൽകിയാണ് തട്ടിപ്പ്. മോണോപൊളി എന്ന് പേരിട്ട ഒപ്പറേഷനിലൂടെയാണ് 43 പേരെ ദുബായ് പോലീസ് പിടികൂടിയത്. വിവിധ രാജ്യങ്ങളില്‍ സംഘത്തെ സഹായിച്ച 20 പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സിഇഒയുടെ ഇമെയില്‍ ഹാക്ക് ചെയ്ത് തങ്ങളുടെ കമ്പനികളുടെ ബ്രാഞ്ചുകളില്‍ നിന്ന് ഒരു അക്കൗണ്ടിലേക്ക് 19 മില്യണ്‍ ഡോളര്‍ അജ്ഞാതൻ ട്രാന്‍സ്ഫര്‍ ചെയ്യിച്ചുവെന്ന് ഒരു ഏഷ്യന്‍ കമ്പനിയില്‍ നിന്ന് ലഭിച്ച പരാതിയിലാണ് സംഘത്തെ കുറിച്ച് ദുബായ് പോലീസ് അന്വേഷണം തുടങ്ങിയത് 2018 ല്‍ ആരംഭിച്ച അക്കൗണ്ടിലേക്കാണ് ഈ തുക കൈമാറിയിട്ടുള്ളതെന്നും അക്കൗണ്ട് ഉടമ നിലവില്‍ യുഎഇയിൽ ഇല്ലെന്നും പോലീസ് കണ്ടെത്തി. തട്ടിയെടുത്ത തുക വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി ഒരു ഹോള്‍ഡിങ് കമ്പനിയുടെയും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെയും അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചെടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ അക്കൗണ്ടുകളെല്ലാം നിരീക്ഷണത്തിലായിരുന്നു.ഇതിനിടെയാണ് യു എ ഇക്ക് പുറത്ത് മറ്റൊരു കമ്പനിയുടെ ഇമെയില്‍ അക്കൗണ്ടും ഈ സംഘം ഹാക്ക് ചെയ്തതായി പോലീസിന് വിവരം കിട്ടിയത്. ഈ തുക കൈമാറിയ അക്കൗണ്ടുകളെല്ലാം ട്രാക്ക് ചെയ്ത പോലീസ് ഇവരെ ഓരോരുത്തരെയായി കസ്റ്റഡിയിലെടുത്തു. സംഘത്തിന്റെ കൈയില്‍ നിന്ന് ആഢംബര കാറുകളും വന്‍തുകയും പോലീസ് കണ്ടെത്തി. ഫ്രാന്‍സ്, ഹോങ്കോങ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളുമായി കൂടി സഹരിച്ചായിരുന്നു ദുബായ് പോലീസിന്റെ മോണോപൊളി ഓപ്പറേഷന്‍ നടപ്പിലാക്കിയത്.