ദുബായ്: ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 17 പേരുടെ ബന്ധുക്കൾക്ക് 37 ലക്ഷത്തിലേറെ രൂപ (രണ്ട് ലക്ഷം ദിർഹം) വീതം നഷ്ടപരിഹാരം നൽകാൻ യുഎഇ ഉന്നത കോടതി വിധിച്ചു. കൂടാതെ, അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവറായ ഒമാൻ സ്വദേശിക്ക് ഏഴ് വർഷം തടവും ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു. ഇയാൾ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
കഴിഞ്ഞ മാസം ആറിനായിരുന്നു അപകടം. പെരുന്നാൾ അവധിക്ക് ഒമാൻ സന്ദർശിച്ച് മടങ്ങുകയായിരുന്ന 30 പേരായിരുന്നു മുവസലാത്തിന്റെ ബസിലുണ്ടായിരുന്നത്. ദുബായിലെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് കുറച്ചു നിമിഷങ്ങൾക്ക് മുൻപ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ട്രാഫിക് സൈൻ ബാരിയറിലേയ്ക്ക് ബസ് ഇടിച്ചു കയറിയായിരുന്നു അപകടം. 15 പേർ സംഭവ സ്ഥലത്തും രണ്ട് പേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ഇവരിൽ എട്ടു മലയാളികളടക്കം 12 പേർ ഇന്ത്യക്കാരായിരുന്നു. രണ്ടുപേർ മുംബൈ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. ദുബായിലെ സാമൂഹിക പ്രവർത്തകനായ തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തിരുവനന്തപുരം സ്വദേശി ഒമാനിൽ അക്കൗണ്ടന്റ് ആയ ദീപക് കുമാർ, തൃശൂർ സ്വദേശി വാസുദേവൻ, തലശ്ശേരി സ്വദേശികളായ ഉമ്മർ (65) ചോനോകടവത്ത്, മകൻ നബീൽ ഉമ്മർ (25), തൃശ്ശൂർ സ്വദേശി കിരൺ ജോൺ, കോട്ടയം പാമ്പാടി, സ്വദേശി വിമൽ കുമാർ, രാജൻ പുതിയ പുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ.
അപ്പീൽ നൽകുമെന്ന് യു.എ.ഇയിലെ ഒമാൻ എംബസി
ദുബൈയിൽ മുവാസലാത്ത് ബസപകടത്തിൽപെട്ട സംഭവത്തിൽ ബസ് ഡ്രൈവർക്ക് വിധിച്ച ഏഴുവർഷത്തെ തടവുശിക്ഷക്കെതിരെ അപ്പീൽ നൽകുമെന്ന് യു.എ.ഇയിലെ ഒമാൻ അംബാസഡർ ഡോ. ഖാലിദ് ബിൻ സൈദ് ബിൻ സാലിം അൽ ജറാദി പറഞ്ഞു.പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യങ്ങളെ വിധി പറഞ്ഞ ജഡ്ജി കണക്കിലെടുത്തിട്ടില്ല. ഗതാഗത സുരക്ഷക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണോ ഹൈറ്റ്ബാരിയറിന്റെ രൂപകൽപനയെന്നത് പരിശോധിക്കുന്നതിന് വിദഗ്ധനെ നിയോഗിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളെയാണ് ജഡ്ജി കണക്കിലെടുക്കാതിരുന്നതെന്നും അംബാസഡർ പറഞ്ഞു.
ഏഴുവർഷത്തെ തടവുശിക്ഷക്കൊപ്പം 3.56 ലക്ഷം റിയാൽ (34 ദശലക്ഷം ദിർഹം) ദിയാധനമായി നൽകുവാനും ദുബൈ ട്രാഫിക് കോടതിയുടെ ഉത്തരവിൽ പറയുന്നു. വിധി പ്രകാരം മരിച്ച ഒാരോരുത്തരുടെയും ബന്ധുക്കൾക്ക് 21,000 ഒമാനി റിയാലോളമാണ് ദിയാധനമായി ലഭിക്കുക. കേസിന്റെ വാദം കേൾക്കലിൽ, ജി.സി.സി മാനദണ്ഡങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിരുദ്ധമായ രീതിയിലാണ് അപകടത്തിനിടയാക്കിയ ഹൈറ്റ്ബാരിയർ സ്ഥാപിച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചിരുന്നു.ഹൈറ്റ്ബാരിയറിനും മുന്നറിയിപ്പ് ബോർഡിനും ഇടയിലെ അകലം കുറവായിരുന്നു. ദൃഢമായ ഹൈറ്റ്ബാരിയറും അതിന്റെ സ്ഥാനവുമാണ് അപകടത്തിന് വഴിയൊരുക്കിയത്.
സൂര്യപ്രകാശത്തിൽ കാഴ്ച മങ്ങാത്ത രീതിയിൽ റോഡരികിലും മറ്റുമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് അപകട സാധ്യത ഒഴിവാക്കും. ഡ്രൈവർ റോഡിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായാണ് അപകടത്തിന് നിമിഷങ്ങൾക്കു മുമ്പ് ബസിന്റെ
ഒാൺബോർഡ് കാമറ പകർത്തിയ ചിത്രം വ്യക്തമാക്കുന്നത്. ഡ്രൈവറുടെ മുഖത്തും വസ്ത്രത്തിലും സൂര്യപ്രകാശം ശക്തമായി അടിച്ച് പ്രതിഫലിക്കുന്നതും ചിത്രത്തിൽ കാണാനാകും. ശക്തമായ സൂര്യപ്രകാശം ഡ്രൈവറുടെ ദൂരക്കാഴ്ചയെ ബാധിച്ചതാണ് അപകട കാരണമെന്നും അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.