ദുബായ് ബസ് അപകടം: ഒമാനി ഡ്രൈവർക്ക് ജാമ്യം

ദുബായ് : മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർ സഇൗദ് ബലൂഷിക്ക് ജാമ്യം ലഭിച്ചു.ഈവർഷം ജൂലൈ ആറിന് ദുബായ് റാഷിദിയ്യയിലായിരുന്നു അപകടം. സെപ്റ്റംബർ 19ന് കേസിലെ വിചാരണ ആരംഭിക്കുംവരെയാണ് ജാമ്യ കാലാവധി.പെരുന്നാൾ അവധി ദിനങ്ങളിൽ ഒമാൻ സന്ദർശിച്ച ശേഷം വരികയായിരുന്ന മുവസലാത്തിന്റെ ബസ് റോ‍ഡ് ബാരിയറിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഡ്രൈവറുടെ ഭാഗത്തു നിന്നുള്ള പിഴയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് കോടതി ഏഴ് വർഷം തടവും രണ്ട് ലക്ഷം ദിർഹം ദിയാദനം നൽകാനും വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും.30 പേരായിരുന്നു മുവസലാത്തിന്റെ ബസിലുണ്ടായിരുന്നത്. ദുബായിലെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് കുറച്ചു നിമിഷങ്ങൾക്ക് മുൻപ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ട്രാഫിക് സൈൻ ബാരിയറിലേയ്ക്ക് ബസ് ഇടിച്ചു കയറിയായിരുന്നു അപക.ടം. 15 പേർ സംഭവ സ്ഥലത്തും രണ്ട് പേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ഇവരിൽ 8 മലയാളികളടക്കം 12 പേർ ഇന്ത്യക്കാരായിരുന്നു.
രണ്ടുപേർ മുംബൈ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. ദുബായിലെ സാമൂഹിക പ്രവർത്തകനായ തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തിരുവനന്തപുരം സ്വദേശി ഒമാനിൽ അക്കൗണ്ടന്റ് ആയ ദീപക് കുമാർ, തൃശൂർ സ്വദേശി വാസുദേവൻ, തലശ്ശേരി സ്വദേശികളായ ഉമ്മർ (65) ചോനോകടവത്ത്, മകൻ നബീൽ ഉമ്മർ (25), തൃശ്ശൂർ സ്വദേശി കിരൺ ജോൺ, കോട്ടയം പാമ്പാടി, സ്വദേശി വിമൽ കുമാർ, രാജൻ പുതിയ പുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ.