ദുബൈ : വേനല്‍മഴ പെയ്തിട്ടും യുഎഇയില്‍ ഈ സീസണില്‍ ഉയര്‍ന്ന താപനില തുടരുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറയുന്നത് അനുസരിച്ച് ഓഗസ്റ്റ് 9 ചൊവ്വാഴ്ച അല്‍ ഐനിലെ സ്വീഹാനില്‍ 51 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി(temperature in al ain). ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മെര്‍ക്കുറി 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്നത്. അവസാനമായി ജൂണ്‍ 23 വ്യാഴാഴ്ചയാണ്, അല്‍ ദഫ്ര മേഖലയിലെ ഔതൈദില്‍ 50.5 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെുത്തിയത്. അതേസമയം, ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനില 26.2 ഡിഗ്രി സെല്‍ഷ്യസാണ്. അതും അല്‍ ഐനില്‍ (പ്രത്യേകിച്ച് അല്‍ ഫോഹ്) തന്നെയാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ ഒന്നിലധികം എമിറേറ്റുകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതോടെ രാജ്യത്തെ കാലാവസ്ഥ ഈയിടെ പ്രക്ഷുബ്ധമായിരുന്നു. ഓഗസ്റ്റ് 14 മുതല്‍ 17 വരെ യുഎഇയുടെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴ പെയ്യുമെന്ന് എന്‍സിഎം അറിയിച്ചിട്ടുണ്ട്.