ദുബായ് എക്സ്​പോ പവലിയനുകൾ വ്യാഴാഴ്ച തുറക്കും

ദുബായ്. ലോകത്തെ വിസ്മയിപ്പിച്ച എക്സ്​പോ 2020ദുബൈ വേദിയിലെ സുപ്രധാന പവലിയനുകൾ വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. മൊബിലിറ്റി(അലിഫ്), സസ്റ്റയ്​നബിലിറ്റി(ടെറ) പവലിയനുകളിലേക്കും ‘ഗാർഡൻ ഇൻ ദ സ്​കൈ’ ഭാഗത്തേക്കുമാണ്​ സെപ്​റ്റംബർ ഒന്നുമുതൽ പ്രവേശനമനുവദിക്കുന്നത്​. കഴിഞ്ഞ വർഷം ഒക്​ടോബറിൽ ആരംഭിച്ച്​ ഈ വർഷം മാർച്ച്​ വരെ നീണ്ട ആറുമാസത്തെ എക്സ്​പോ അനുഭവങ്ങൾ ഒരിക്കൽ കൂടി ആസ്വദിക്കാനുള്ള സൗകര്യമാണ്​ ഇതിലൂടെ ഒരുങ്ങുന്നത്​. എക്സ്​പോ സിറ്റി ദുബൈയുടെ പൂർണമായ പ്രവർത്തനം ഒക്​ടോബർ ഒന്നുമുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

പവലിയനുകളിലേക്ക്​ പ്രവേശനത്തിന്​ ടിക്കറ്റിന്​ ഒരാൾക്ക്​ 50ദിർഹമാണ്​ നിരക്ക്​. വെബ്​സൈറ്റിലും എക്സ്​പോ സിറ്റിയിലെ നാല് ബോക്‌സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമാണ്​. സന്ദർശകരെ എക്സ്​പോ സിറ്റിയുടെ മുഴുവൻ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാർഡൻ ഇൻ ദ സ്​കൈ’ പ്രവേശനത്തിന്​ 30ദിർഹമാണ്​ നിരക്ക്​. 12ൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടങ്ങളിലെല്ലാം സൗജന്യമാണ്​.

പവലിയനുകൾ രാവിലെ 10മുതൽ 6വരെയും നിരീക്ഷണ ഗോപുരം വൈകുന്നേരം 3മുതൽ ആറു വരെയുമാണ്​ പ്രവർത്തിക്കുക. ചരിത്രത്തിലുടനീളം മനുഷ്യ പുരോഗതി കടന്നുവന്ന വഴികളെ അടയാളപ്പെടുത്തുന്ന രീതിയിലാണ്​ മൊബിലിറ്റി പവലിയൻ ഒരുക്കിയിട്ടുള്ളത്​. എക്സ്​പോ 2020 ദുബൈയുടെ സമയത്ത്​ ഏറെ ആകർഷിക്കപ്പെട്ടതാണിത്​. സമുദ്രത്തിലൂടെയും വനത്തിലൂടെയും സഞ്ചരിക്കുന്ന അനുഭവം സമ്മാനിക്കുന്ന സസ്റ്റയ്​നബിലിറ്റി പവലിയൻ പരിസ്ഥിതിയുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന പ്രദർശനമാണ്​ ഒരുക്കിയിട്ടുള്ളത്​.