ദുബായ്;ഫെഡറല്‍ നാഷണല്‍ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ,ഒരുക്കങ്ങൾ പൂർത്തിയായി

അബുദബി:ദുബായ് ഫെഡറല്‍ നാഷണല്‍ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. 309 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. തിരഞ്ഞെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി വ്യക്തമാക്കി. നാളെ രാവിലെ എട്ട് മണിക്കാണ് യുഎഇ നാഷണല്‍ ഫെഡറല്‍ കൗൺസിലിലേക്കുള്ള വോട്ടെടുപ്പ് ആരംഭിക്കുക. രാത്രി എട്ട് വരെ വോട്ട് രേഖപ്പെടുത്താന്‍സാധിക്കും.
128 വനിതകള്‍ ഉള്‍പ്പെടെ 309 സ്ഥാനാര്‍ത്ഥികളാണ് നാഷണല്‍ ഫെഡറല്‍ കൗണ്‍സിലിലേക്ക് മത്സരിക്കുന്നത്. അബുദബി, ദുബായ് എമിറേറ്റുകളില്‍ നാല് വീതം സീറ്റുകളും ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ മൂന്നും അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതവുമാണ് അനുവദിച്ചിട്ടുളളത്.അബുദബിയില്‍ 118 പേരും ദുബൈയില്‍ 57 പേരും ഷാര്‍ജയില്‍ 50 പേരുമാണ് മല്‍സര രംഗത്തുളളത്. അജ്മാന്‍ 21, റാസല്‍ഖൈമ, ഉമല്‍ഖ്വയിന്‍ എന്നിവിടങ്ങളില്‍ 14, ഫുജൈറ 15 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ 18 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ട്.ആകെ വോട്ടര്‍മാരില്‍ 51 ശതമാനവും സ്ത്രീകളാണ്. 40 അംഗ ഫെഡറല്‍ കൗൺസിലേക്ക് 20 പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ബാക്കിയുളളവരെ വിവിധ എമിറേറ്റുകളിലെ ഭരണകര്‍ത്താക്കള്‍ നാമനിര്‍ദ്ദേശം ചെയ്യും.
വിവിധ എമിറേറ്റുകളിലായി 24 വോട്ടിംഗ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നാളത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കായുളള റിമോട്ട് വോട്ടിംഗ് ബുധനാഴ്ചയും ഇന്നലെയുമായി പൂര്‍ത്തിയായി. വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈനായി ഡിജിറ്റല്‍ ആപ്ലിക്കേഷനിലൂടെ വോട്ട് രേഖപ്പെടുത്താനും സാധിക്കും.