ദുബായ്; യാത്രാ നിരക്കിളവ്, ബ്രാന്‍റ് ഉല്‍പ്പന്നങ്ങളില്‍ ഡിസ്‌കൗണ്ട് നിരവധി ആനുകൂല്യങ്ങളുമായി നോല്‍ സ്റ്റുഡന്‍റ് കാര്‍ഡ്

ദുബായ്: യാത്രാ നിരക്കിളവ്, ബ്രാന്‍റ് ഉല്‍പ്പന്നങ്ങളില്‍ ഡിസ്‌കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ നോല്‍ കാര്‍ഡുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ദുബായില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ ടെക് ഷോയിലാണ് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന പുതിയ നോള്‍ സ്റ്റുഡന്റ് പാക്കേജുമായി ആര്‍ടിഎ രംഗത്തെത്തിയിരിക്കുന്നത്.ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ് (ഐഎസ്‌ഐസി) അസോസിയേഷനുമായി സഹകരിച്ച് സ്‌കൂളുകള്‍ക്ക് അനുയോജ്യമായ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ നോല്‍ കാര്‍ഡ്. യുഎഇയിലുടനീളമുള്ള സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.ആര്‍ടിഎയുടെ കീഴിലുള്ള മെട്രോ, ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗത സേവനങ്ങളിലും യാത്രാ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം കിഴിവ് ആസ്വദിക്കാന്‍ ഇത് വഴി കഴിയും. യുഎഇയിലും വിദേശത്തുമുള്ള പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ക്ക് 70 ശതമാനം വരെ കിഴിവുകളും കാര്‍ഡ് വഴി ലഭിക്കും.കൂടാതെ, വിദ്യാർഥികള്‍ക്ക് നോല്‍ കാര്‍ഡുമായി സംയോജിപ്പിച്ച് വ്യക്തിഗതമാക്കിയ ഒരു അന്താരാഷ്ട്ര വിദ്യാർഥി തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. നോൽ പേ ആപ്പ് വഴിയാണ് പുതിയ നോല്‍ കാര്‍ഡിന് അപേക്ഷ നല്‍കേണ്ടത്. പുതിയ കാര്‍ഡ് അപേക്ഷയില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദിഷ്ട വിലാസത്തിലേക്ക് തപാല്‍ വഴി ലഭ്യമാക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

നോല്‍ സ്റ്റുഡന്‍റ് പാക്കേജ് ആരംഭിക്കുന്നതിനായി ഫെബ്രുവരിയില്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്, എക്സിബിഷന്‍ എന്നിവയ്ക്കിടെ ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് ഐഡന്റിറ്റി കാര്‍ഡ് അസോസിയേഷനുമായി ആര്‍ടിഎ കരാര്‍ ഒപ്പിട്ടിരുന്നു. https://www.mystudentcard.org/ എന്ന വെബ്‌സൈറ്റ് വഴി പുതിയ സ്റ്റുഡന്റ് നോല്‍ പാക്കേജ് ഓണ്‍ലൈനായി വാങ്ങാം.