വേഷപ്രച്ഛന്നരായി ആഭരണങ്ങൾ മോഷ്ടിച്ചു, പിടികൂടി ദുബായ് പൊലീസ്

ചിത്രം കടപ്പാട് : ദുബായ് പോലീസ്

ദുബായ് : വേഷം മാറി കടയിൽ കയറി വിലയേറിയ ആഭരണങ്ങൾ കവർച്ച ചെയ്ത രണ്ടു യൂറോപ്യൻ വംശജരെ മോഷണ വിവരം അറിഞ്ഞ് 12 മണിക്കൂറിനകം ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്ത് മാസ്ക്, തലയിൽ വിഗും പരന്ന തൊപ്പിയും, കണ്ണട, തുടങ്ങിയവ ധരിച്ചു തിരിച്ചറിയാതിരിക്കാൻ പരമാവധി മുൻകരുതലുകൾ സ്വീകരിച്ചാണു മോഷ്ടാക്കൾ കടയിലെത്തിയത്. കടയിൽ പ്രദർശനത്തിനായി ഇട്ടിരുന്ന ആഭരണങ്ങളാണു മോഷണം പോയത്. ഇതു സംബന്ധിച്ച് ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വിവരം ലഭിച്ചയുടനെ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും സിസിടിവി പരിശോധിച്ച് മോഷണം സ്ഥിരീകരിക്കുകയും ചെയ്തു. സംഭവം നടന്ന സ്ഥലത്തെ വിരലടയാളങ്ങൾ പരിശോധിക്കുകയും മോഷ്ടാക്കളുടെ നീക്കം വിലയിരുത്തുകയും ചെയ്തു. സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിലെത്തി വേഷം മാറിയ ശേഷമാണ് ഇവർ വരികയും പോകുകയും ചെയ്തതെന്നു പൊലീസ് കണ്ടെത്തി. ഉപയോഗിച്ചിരുന്ന ഷൂസും ആയുധങ്ങളും പണി നടക്കുന്ന കെട്ടിടത്തിന്റെ പുറകിൽ ഉപേക്ഷിച്ചിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നു മോഷണത്തിന്റെ വിവരങ്ങൾ എഴുതിയ ചെറിയ ഒരു പേപ്പർ പൊലീസ് കണ്ടെത്തി. വിമാനത്തിൽ കയറി രക്ഷപെടാൻ ശ്രമിക്കുമ്പോഴാണു കുറ്റവാളികൾ പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ ഇവരുടെ പക്കലുളള ബാഗിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു.