ദുബായ് പൊലീസിൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻനിൽ ഇനി നാലു യുവതികൾ

ദുബായ്. ദുബായ് പൊലീസിൽ നക്ഷത്രശോഭയുമായി ഇനി നാലു യുവതികൾ. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻസിലേക്കാണ് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്കു ശേഷം വനിതാ ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത ഖലീഫ അൽ ഗഫ്ലി എന്നിവരെ തിരഞ്ഞെടുത്തത്. ഇതോടെ ഇവർ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ചേരുന്ന ആദ്യ ബാച്ച് വനിതാ ഓഫിസർമാരായി.

24 പ്രത്യേക കോഴ്‌സുകളും പ്രായോഗിക പരിശീലനവും നേടിയ ശേഷമാണ് ഇവർ ഇൗ വിഭാഗത്തിലെത്തിയത്. ആശയവിനിമയം സ്വീകരിക്കുന്നതിനുള്ള എമർജൻസി റെസ്‌പോൺസ് ഡിവിഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ ഡിവിഷൻ, ഡ്യൂട്ടി ഓഫീസർ ഓഫീസ് എന്നിവയുൾപ്പെടെ ഒട്ടേറെ ഡിവിഷനുകളുടെ ഉത്തരവാദിത്തം ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത ഖലീഫ അൽ ഗഫ്ലി എന്നിവർ വഹിക്കും.

പുരുഷ ഉദ്യോഗസ്ഥർ മാത്രം നിർവഹിച്ചു പോന്ന ദൗത്യങ്ങളും ചുമതലകളും മുൻ കൈയെടുക്കുന്നതിൽ വനിതാ ജീവനക്കാർ നിർണായക പങ്ക് വഹിക്കുന്നുവെന്നു ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻസ് ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു. വിവിധ പൊലീസ് മേഖലകളിൽ വനിതകളെ ശാക്തീകരിക്കുന്നതിലും അവരുടെ പങ്ക് വർധിപ്പിക്കുന്നതിലും ദുബായുടെ താൽപര്യം മേജർ ജനറൽ അൽ റസൂഖി വ്യക്തമാക്കി.

പൊലീസ് ജോലിയിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സമൂഹത്തെ സേവിക്കുന്നതിനുള്ള അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും ദുബായ് പൊലീസിൽ അവസരങ്ങളുണ്ടെന്ന് ബ്രി. തുർക്കി ബിൻ ഫാരിസ് പറഞ്ഞു. യുവാക്കൾക്കും പ്രത്യേകിച്ചു വനിതകൾക്കു പ്രചോദനം നൽകുന്ന അന്തരീക്ഷം ദുബായ് പൊലീസ് സൃഷ്ടിച്ചിട്ടുണ്ടെന്നു ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത ഖലീഫ അൽ ഗഫ്ലി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.