ദുബായ്: റോഡ് ക്രോസിങ്ങിനായി അനുവദിക്കപ്പെട്ട ഇടങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ. ജെയ് വാക്കിങ് എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായ റോഡ് ക്രോസിങ് മൂലമുണ്ടാവുന്ന അപകടങ്ങളുടെ തോത് വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ ഈ മുന്നറിയിപ്പ്. ഇത്തരം അശ്രദ്ധമായ റോഡ് ക്രോസിങ്ങുകള്‍ കാല്‍നട യാത്രക്കാരെ മാത്രമല്ല, വാഹനങ്ങളെയും അപകടത്തിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ അനുവാദമില്ലാത്ത ഇടങ്ങളില്‍ റോഡ് മുറിച്ചുകടന്നതിനും ട്രാഫിക് സിഗ്നലുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനും ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ നായിഫ് പോലീസ് സ്റ്റേഷന്‍ 37 കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തിയതായി നായിഫ് പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ മൂസ ആഷൂര്‍ അറിയിച്ചു. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 89 പ്രകാരം കാല്‍നട ട്രാഫിക് സിഗ്നലുകളുടെ ലംഘനത്തിനും അനധികൃത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നതിനും 400 ദിര്‍ഹം പിഴ നൽകേണ്ടി വരും.