ദുബായ്∙ കഴിഞ്ഞ ആറു മാസത്തിനിടെ ദുബായ് സന്ദർശിച്ചവരുടെ 71.2 ലക്ഷം. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തി. കഴിഞ്ഞ വർഷം ജനുവരിക്കും ജൂണിനും ഇടയിൽ ദുബായ് സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണം 25 ലക്ഷമാണ്.അതിന്റെ മൂന്നിരിട്ടി സഞ്ചാരികൾ ഈ വർഷം എത്തി. 2019ൽ ഇതേ സമയത്തെ 83.6 ലക്ഷം സഞ്ചാരികളുടെ എണ്ണത്തിന് അടുത്ത് ഈ വർഷം എത്തിയത് വിനോദ സഞ്ചാര മേഖലയിലെ വൻ തിരിച്ചു വരവായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോട്ടലുകളിൽ താമസക്കാരുടെ എണ്ണം 74% എത്തിയിരിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ദുബായിയുടെ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. യൂറോപ്യൻ വിനോദ സഞ്ചാര മേഖലയിൽ 22 % സഞ്ചാരികൾ എത്തിയപ്പോഴാണ് ദുബായ് ഉൾപ്പെടുന്ന ജിസിസി രാജ്യങ്ങളിലേക്ക് 34 ശതമാനത്തിന്റെ വർധനയുണ്ടായത്.