ഞായർ മുതൽ ദുബായിൽ വീണ്ടും പാർക്കിങ് ഫീസ്

ദുബായ് : ഞായറാഴ്ച (26) മുതൽ ദുബായിൽ പാർക്കിങ് ഫീസ് വീണ്ടും നിലവിൽ വരും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ അർധരാത്രി 12 വരെയുമാണ് ഫീസടയ്ക്കേണ്ടത്. റമസാൻ പ്രമാണിച്ച് കോവിഡ് നിയന്ത്രണത്തിൽ അയവുവരുത്തിയതിനെ തുടർന്നാണ് ദുബായ് ഹയർ കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പേ പാർക്കിങ് വീണ്ടും പ്രാബല്യത്തിലാക്കാൻ അനുമതി നൽകിയത്. ദുബായ് മെട്രോ, പബ്ലിക് ബസ്, ടാക്സി എന്നിവയും ഞായറാഴ്ച മുതൽ ഒാടിത്തുടങ്ങും.എന്നാൽ, യാത്രക്കാർ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൂടാതെ, ടാക്സികളിൽ പിന്നിലെ സീറ്റിൽ രണ്ട് പേർക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. ബസ്, ടാക്സി നിരക്കുകളിൽ മാറ്റമില്ല.