അബുദാബിയിൽ വാഹനം പൊടി പിടിച്ച് കിടന്നാൽ വൻ പിഴ

അബുദാബി : തെരുവിൽ കാറുകൾ ഉപേക്ഷിക്കുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭയുടെ മുന്നറിയിപ്പ്. ഇത്തരം കാറുകൾ നഗരസഭ കണ്ടുകെട്ടും. 30 ദിവസത്തിനകം ഉടമ കാർ വീണ്ടെടുത്താൽ 1500 ദിർഹം പിഴ അടച്ചാൽ മതിയാകും. ഒരു മാസം കഴിഞ്ഞാൽ മുഴുവൻ പിഴയും അടയ്ക്കണം.

നഗരസൗന്ദര്യത്തിനും പരിസ്ഥിതിക്കും കോട്ടംതട്ടുംവിധം റോഡ് സൈഡിൽ നിർത്തിയിട്ട പൊടിപിടിച്ചതും വൃത്തിഹീനവുമായ കാറുകളും നഗരസഭ കണ്ടുകെട്ടും. മുസഫ വ്യവസായ മേഖല, മഫ്റഖ്, ബനിയാസ്, തുടങ്ങിയ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിൽ നൂറുകണക്കിന് കാറുകൾ കണ്ടുകെട്ടിയതായും നഗരസഭ അറിയിച്ചു. കഴുകി വൃത്തിയാക്കാത്ത വാഹനങ്ങളും നഗരസഭയുടെ യാർഡിലേക്ക് മാറ്റുമെന്നും മുന്നറിയിപ്പുണ്ട്.

ദിവസേന നഗസരഭാ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തുന്ന വാഹനങ്ങളെ 14 ദിവസം നിരീക്ഷിക്കും. തുടർന്ന് 24 മണിക്കൂറിനകം വാഹനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് പതിക്കും. എന്നിട്ടും എടുത്തുമാറ്റാത്ത വാഹനങ്ങളാണ് കണ്ടുകെട്ടുകയെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.