ദുബായ്: ജിസിസി രാജ്യങ്ങളിലെ റസിഡന്റ്സ് വിസക്കാര്‍ക്കും പൗരന്മാര്ക്കും യുഎഇ സന്ദര്‍ശിക്കാന്‍ ഇ-വിസ ലഭിക്കും. കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും പൗരന്മാര്ക്കുമാണ് ഇ-വിസ ലഭിക്കുന്നത്. പൗരന്മാര്ക്ക് 60 ദിവസത്തെയും വിദേശികള്‍ക്ക് 30 ദിവസത്തേയും വിസയാണ് ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒരു തവണ തുല്യ കാലയളവിലേക്ക് ഇ-വിസ പുതുക്കാനും കഴിയും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള ജിസിസി വിസയും ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ടും ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന. ഇതിനായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്റ്സി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്പ് മുഖേന അപേക്ഷ സമര്‍പ്പിക്കാം.
ഇ-വിസ ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകൾ:
- അപേക്ഷ പരിശോധിച്ച് അംഗീകരിച്ച ശേഷം രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലേക്ക് ഇ-വിസ അയയ്ക്കും.
- സ്പോൺസർ യാത്ര ചെയ്യുന്നില്ലെങ്കിൽ ജിസിസി പ്രവാസി താമസക്കാർക്കോ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ വിസ അനുമതി നൽകില്ല
- ജിസിസി പൗരന്മാരോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികൾക്കുള്ള എൻട്രി പെർമിറ്റിൻ്റെ കാലാവധി 60 ദിവസമാണ്.
- യുഎഇയിലേക്കുള്ള ഇ-വിസ ലഭിച്ചതിന് ശേഷം പ്രവാസി താമസക്കാരുടെ ജിസിസിയിലെ റെസിഡൻസി വിസയുടെ കാലാവധി കഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.
- എൻട്രി പെർമിറ്റ് നൽകിയ ശേഷം പ്രവാസിയുടെ ജോലി മാറിയെന്ന് കണ്ടെത്തിയാലും പ്രവേശനം നിഷേധിക്കും.
- യുഎഇയിലേക്ക് എത്തുന്ന സമയത്ത് ജിസിസി റെസിഡൻസ് വിസയുടെ കാലാവധി കുറഞ്ഞത് ഒരു വർഷമെങ്കിലും വേണം.
- യുഎഇയിൽ എത്തുമ്പോൾ ഇവരുടെ പാസ്പോർട്ടിന് ആറുമാസത്തിൽ കുറയാത്ത സാധുതയുണ്ടായിരിക്കണമെന്നും അധികൃതർ പറഞ്ഞു.