ദുബൈ : ചെറു ഭൂകന്പം, മറ്റ് അത്യാഹിതങ്ങൾ എന്നിവയുണ്ടാകുന്പോൾ നേരിടുന്നതിനും ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവർത്തികൾക്ക് വേഗത കൈവരിക്കുന്നതിന് വിവരങ്ങൾ കൈമാറുന്നതിനുമായി ദുബൈ നഗരസ ഭ സ്മാർട് ആപ് പുറത്തിറക്കി. ഡി ബി സേഫ്- ഒയാസിസ് പ്ലസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ആപ് ദുബൈ നഗരസഭയുടെ സർവ്വേ ഡിപാർട്മെന്റാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐ.ഒ.എസ്, ആൻഡ്രോയിഡ് സംവിധാനങ്ങളിൽ പ്രവർത്തിപ്പിക്കാവുന്ന ആപ് നിലവിൽ ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.കഴിഞ്ഞ ദിവസം മേഖലയിൽ ചിലയിടങ്ങളിലുണ്ടായ ചെറു ഭൂകന്പങ്ങളെ ആപ്പിലെ സർവ്വർ റെക്കോർഡ് ചെയ്തിട്ടുണ്ട്. ലെബനൻ, സിറിയ, ജോർദ്ദാൻ, പലസ്തീൻ എന്നിവിടങ്ങളിലുണ്ടായ ഭൂകന്പങ്ങൾ യു.എ.ഇയെ ബാധിച്ചിരുന്നില്ല. തെക്കൻ ഇറാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിലുണ്ടാകുന്ന ശക്തമായ ഭൂകന്പങ്ങളും യു.എ. ഇയെയും ബാധിക്കുകയില്ലെങ്കിലും താമസക്കാരിൽ ആശങ്ക ഉടലെടുക്കാറുണ്ട്.ഗൾഫ് മേഖലയിൽ ആദ്യത്തേതായ ആപ് അത്യാഹിതങ്ങൾ നേരിടുന്നതിനും ദുബൈയിലെ അംബര ചുംബികളിൽ ഭൂകന്പ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള നടപടികൾക്കും സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ദുബൈ സെയ്സ്മിക് നെറ്റ്വർക്കിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ് ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഭൂകന്പ മുന്നറിയിപ്പും സുരക്ഷാ നിർദ്ദേശങ്ങളും ഒരുക്കും.ആപിന്റെ പ്രവർത്തനത്തിലൂടെ മേഖലയിലെ ചെറു ഭൂകന്പങ്ങളെ പോലും താമസക്കാർക്ക് പ്രത്യേക മുന്നറിയിപ്പുകളായി അറിയിക്കുന്നതിനാൽ ഉണ്ടാകാനിടയുള്ള അത്യാഹിതങ്ങളുടെ വ്യാപ്തിയെ കുറിച്ചും മുൻകൂട്ടി തയ്യാറെടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും ആപ്പ് പ്രത്യേക നിർദ്ദേശങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നു.