വന്‍തോതിലുള്ള എണ്ണഖനനം കുവൈത്ത് ഭൂകമ്പ ഭീഷണിയിലെന്ന് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്

കുവൈത്ത് സിറ്റി: രാജ്യം ഭൂകമ്പ ഭീഷണിക്ക് പുറത്തല്ളെന്ന് കുവൈത്ത് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ ഇനീസി മുന്നറിയിപ്പുനല്‍കി. വന്‍ നാശനഷ്ടങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന വലിയ ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കൂറ്റന്‍ കെട്ടിടങ്ങള്‍ തകരുന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങള്‍ കണക്കുകൂട്ടലിനപ്പുറമാവും.ഭൂകമ്പത്തെ നേരിടുന്നതിന് അന്താരാഷ്ട്ര മാനങ്ങള്‍ക്കനുസരിച്ചുള്ള നിയമാവലികളാണ് മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്. വന്‍തോതിലുള്ള എണ്ണഖനനം പ്രകൃതിക്കുണ്ടാക്കിയ മാറ്റങ്ങള്‍ പരിഗണിക്കുമ്പോള്‍ കുവൈത്തിന് പ്രത്യേക നിയമാവലി വേണ്ടതുണ്ട്.ഭവനക്ഷേമ അതോറിറ്റി, മുനിസിപ്പാലിറ്റി, കുവൈത്ത് സര്‍വകലാശാല, ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി കൂടിയാലോചന നടത്തി ഇക്കാര്യത്തില്‍ പരിഷ്കരണം നടപ്പാക്കേണ്ടതുണ്ട്. അംബരചുംബികളായ കെട്ടിടങ്ങള്‍ അടുപ്പിച്ചടുപ്പിച്ച് നിലകൊള്ളുന്നത് ദുരന്തവ്യാപ്തി കൂട്ടും. വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുമുമ്പ് ഭൂകമ്പവുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ ലക്ഷ്യത്തില്‍ നിര്‍മിച്ച നിയമങ്ങളും പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. ഇതുറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ആഴ്ചയിലെന്ന തോതില്‍ കുവൈത്തില്‍ ഭൂകമ്പങ്ങളുണ്ടാവുന്നുണ്ടെന്നും റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ താഴെ രേഖപ്പെടുത്തുന്ന ചെറുകമ്പനങ്ങളായതിനാല്‍ ശ്രദ്ധയില്‍പെടാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായുണ്ടാവുന്ന ചെറുഭൂകമ്പങ്ങള്‍ വലിയ ഭൂകമ്പത്തിന്‍െറ സൂചനയാണെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.