ഇടപ്പാളയം ബഹ്‌റൈൻ തുടർച്ചയായി രണ്ടാം വർഷവും പാഠപുസ്തക വിതരണം നടത്തി

മനാമ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം വർഷവും ബുക്‌ഫൈൻഡർ എന്നപേരിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി.പരിസ്ഥിതി സംരക്ഷണത്തിനായി പുസ്തകങ്ങൾ പുനരുപയോഗിക്കുക എന്ന സാമൂഹിക പ്രതിബദ്ധതയാണ് ബുക്ക്‌ ഫൈൻഡർ എന്ന ആശയത്തിന്റെ പുറകിൽ. കൂടാതെ ആവശ്യക്കാർക്ക് സാമ്പത്തികമായ ഒരു സഹായം എന്നത് കൂടി ആയിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി കുട്ടികളുടെ രക്ഷിതാക്കൾ ആണ് പുസ്തങ്ങൾ സംഭാവന ചെയ്തും പുസ്തകങ്ങൾ ആവശ്യപ്പെട്ടും ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തത്.ആവശ്യത്തിന് അനുസരിച്ചുള്ള പുസ്തകങ്ങൾ ശേഖരിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യുക എന്ന ഈ മഹത്പ്രവർത്തിക്ക് ശ്രീ. സജീവ് കുമാർ, ശ്രീ. സുരേഷ് ബാബു, ശ്രീ. ബിബീഷ് എന്നിവർ സാരഥ്യം വഹിക്കുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഹെൽപ്‌ഡെസ്‌ക് നേതൃത്വം നൽകി.നിസ്വാർത്ഥരായ ഒരു കൂട്ടം രക്ഷിതാക്കളുടെ സംഭാവനയാണ് ഈ പദ്ധതിയുടെ വിജയം. അവർ നൽകിയ പുസ്തങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കാൻ സാധിച്ചതിൽ കമ്മിറ്റി സന്തോഷം അറിയിച്ചു.എങ്കിലും ആവശ്യമായ അളവിൽ പുസ്തകങ്ങൾ ലഭ്യമായില്ല എന്നത് കൊണ്ട് എല്ലാവർക്കും പുസ്തങ്ങൾ എത്തിക്കാൻ സാധിച്ചില്ല എന്നതിൽ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.