മനാമ: ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടക്കുന്ന ഈദ് ഗാഹിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കൺവീനർ ജാസിർ പി.പി അറിയിച്ചു. ബുധൻ രാവിലെ 5.07നാണ് പെരുന്നാൾ നമസ്കാരം. മുൻ വർഷങ്ങളിലേത് പോലെ സുന്നീ ഔഖാഫിന്‍റെ അംഗീകാരത്തോടെ നടക്കുന്ന ഈദ് ഗാഹിലേക്ക് മുഴുവൻ മലയാളികളെയും കുടുംബ സഹിതം സ്വാഗതം ചെയ്യുകയാണെന്ന് സംഘാടകർ അറിയിച്ചു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓർമകളുണർത്തി ബലിപെരുന്നാള്‍ ആഗതമാവുകയാണ്.ഏകദൈവ സിദ്ധാന്ത വഴിയില്‍ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്ന ത്യാഗോജ്ജലമായ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. വിജയത്തിന്റെ വഴിയിൽ മുന്നേറാൻ തിന്‍മയെ നന്‍മകൊണ്ട് പ്രതിരോധിക്കുകയാണെന്ന് ഓർമപ്പെടുത്തുന്നു ഇബ്‌റാഹീം നബിയുടെ കുടുംബം. സമകാലിക ലോകത്ത് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും പ്രകാശം പടർത്താനുള്ള ശ്രമം ശക്തമാക്കാനുള്ള പ്രേരണ ഇബ്രാഹിം സ്മരണയിലൂടെ ലഭിക്കുന്നുണ്ട്. ഹജ്ജ് കർമത്തിന്റെ പ്രധാന ഭാഗമായ അറഫ സംഗമത്തിൽ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരേ വേഷമണിഞ്ഞ വിശ്വാസി സമൂഹം ഒരുമിച്ചു കൂടി ദൈവത്തിന്റെ പ്രീതി മാത്രം കാംക്ഷിച്ച് പ്രാർഥനയിൽ മുഴുകുന്ന കാഴ്ച ഏറെ മനോഹരമാണ്. അറഫ മനുഷ്യവകാശ പ്രഖ്യാപനത്തിന്റെ വിളംബരം കൂടിയാണ്. കുടുംബ, സുഹൃദ് ബന്ധങ്ങള്‍ പുതുക്കുകയും അയൽപക്ക സൗഹൃദങ്ങൾ മെച്ചപ്പെടുത്തുകയും പ്രയാസപ്പെടുന്നവർക്ക് സഹായമെത്തിക്കുകയും ചെയ്‌ത് പെരുന്നാൾ ദിനം പരസ്പര ഐക്യത്തിനും സ്നേഹ കൂട്ടായ്മക്കും സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള വേദിയാക്കുവാനുമുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ബഹ്‌റൈനിലെ മലയാളികൾക്ക് സുപരിചിതമായ ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തുന്ന ഈദ് ഗാഹിൽ നാട്ടുകാരെയും കുടുംബക്കാരെയും ഒത്തൊരുമിച്ച് കാണാനും സൗഹൃദവും സന്തോഷവും പങ്കുവെക്കാനുമുള്ള വേദി കൂടിയായി മാറിയിട്ടുണ്ട്. നമസ്കാരത്തിന് വരുന്നവർ അംശശുദ്ധിയെടുത്ത് വരുന്നത് കൂടുതൽ നന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3557 3996 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ഈദ് ഗാഹ് സംഘാടക സമിതി അറിയിച്ചു.