മനാമ : കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ദേശീയ നിയമം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് നിർദേശങ്ങളിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിനു നിർദേശങ്ങൾ സമർപ്പിച്ചു. ദേശീയ നിയമവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ഐ സി എഫ് മുന്നോട്ട് വെച്ചു.
അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, ഓണ്‍ലൈന്‍ മുഖേന ജോലി വാഗ്ദാനം ചെയ്തുള്ള കബളിപ്പിക്കല്‍, വേതനം തടഞ്ഞുവെക്കല്‍, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, നൈപുണ്യ വികസനം, വിദേശത്തായിരിക്കുമ്പോൾ ലഭിക്കേണ്ട പരിരക്ഷ, മടങ്ങിവരവ് തുടങ്ങിയവ വിവിധ വശങ്ങൾ ഉൾക്കൊള്ളേണ്ട കുടിയേറ്റ നയം ആണ് ആവശ്യമായിട്ടുള്ളത്. ഈ രംഗത്തേക്കുള്ള ഒരു കാൽവെപ്പ് എന്ന നിലയിൽ പുതിയ എമിഗ്രേഷൻ ബില്ലിനെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാലഹരണപ്പെട്ട കാര്യങ്ങളായിരുന്നു ഇതുവരെ പിന്തുടർന്ന എമിഗ്രേഷൻ നിയമത്തിലുണ്ടായിരുന്നത്. പുതിയ ബില്ലിൽ നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും മൂന്ന് കമ്മറ്റികൾ ഇതിൻറെ ഭാഗമായി രൂപപ്പെടുത്തുന്നു എന്നത് അടക്കം നിരവധി കാര്യങ്ങൾ പ്രധാനമാണ്.
പ്രവാസികൾക്ക് സുരക്ഷയും സേവനവും നല്കുന്ന ഒരു സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം രൂപപ്പെടുകയും പ്രവർത്തികമാക്കപ്പെടുകയുമാണ് ചെയ്യേണ്ടത്. രാജ്യത്തിൻറെ സാമ്പത്തിക വിപണിയെ താങ്ങിനിർത്തുന്നത് പ്രവാസികൾ അയക്കുന്ന പണമാണെന്ന് പറയുമ്പോഴും ആ വിഭാഗത്തെ പരിഗണിക്കുന്ന തരത്തിലുള്ള ശ്രദ്ധേയമായ നീക്കങ്ങളോ പരിരക്ഷ നൽകുന്ന തീരുമാനങ്ങളോ ഉണ്ടാകാതെ വരുന്നത് വലിയൊരു വിഭാഗത്തിൽ അസ്വസ്ഥത രൂപപ്പെടുത്തുന്നുണ്ട്. ദീർഘകാലമായി ആവശ്യപ്പെടുന്ന വോട്ടവകാശമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഇനിയും ആവുന്നില്ല എന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്. അത്തരത്തിൽ വിദേശ ഇന്ത്യക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഒരു സമ്പൂർണ നിയമ രൂപീകരണവും പ്രവർത്തന സംവിധാനവുമാണ് ഉണ്ടാകേണ്ടത്. ഐ സി എഫ് ഇതുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.