സോഷ്യൽ മീഡിയ വഴി പരസ്യം നൽകി തൊഴിൽ തട്ടിപ്പ് : രണ്ടു പ്രവാസികൾ അറസ്റ്റിൽ

gpdesk.bh@gmail,com

ബഹ്‌റൈൻ : സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്‍ത് തൊഴില്‍ തട്ടിപ്പ് നടത്തിയ രണ്ട് പ്രവാസികളെ പിടി കൂടി . ഇവർക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നൽകിയതായി അധികൃതർ അറിയിച്ചു . ലൈസന്‍സില്ലാതെ തൊഴിൽ നിയമനം നടത്തിയതിന് ഇവര്‍ കറ്റക്കാരാണെന്ന് കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ലോവര്‍ ക്രിമനല്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഇരുവർക്കും 3000 ദിനാര്‍ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷയുടെ കാലാവധി പൂർത്തിയായതിനു ശേഷം ഇവരെ നാടുകടത്തും.സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്‍താണ് ഇവര്‍ ആളുകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ന്ന് പണം വാങ്ങിയ ശേഷം തൊഴില്‍ രഹിതരെ ബഹ്റൈനിലേക്ക് കൊണ്ടുവരികയും ചെയ്‍തു. ആവശ്യമായ അനുമതികളോ ലൈസന്‍സോ ഇല്ലാതെയാണ് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ നടത്തിയത് .സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങി ബഹ്റൈനില്‍ എത്തുന്ന നിരവധിപ്പേര്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളാണ് ഇപ്പോള്‍ അധികൃതര്‍ സ്വീകരിക്കുന്നത്. വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട് . തൊഴിൽ അവസരങ്ങൾ നിയമ പരമായി നടത്തുവാൻ ലൈസെൻസ് നൽകിയ സ്ഥാപനങ്ങളെ തൊഴിൽ അന്വേഷകർ ആശ്രയിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്