മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ -2 (MCL-2024) ൽ കൊമ്പൻസ് കാലടി തുടർച്ചയായി രണ്ടാമതും ജേതാക്കളായി.
ഈസ്റ്റ് റിഫാ സ്പോർട്സ് ക്ലബ്ബിൽ വച്ച് നടന്ന മത്സരം ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി ശ്രീ: ഷാനവാസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ എന്നീ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന മത്സരം വളരെ ആവേശോജ്ജ്വലമായിരുന്നു. തുടർന്ന് സ്‌പോർട്സ് ലോഗോ ആലേഖനം ചെയ്ത ക്രിക്കറ്റ് ജെഴ്സി സ്പോർട്സ് സെക്രട്ടറി ശ്രീ മുസ്തഫ രക്ഷാധികാരികളായ ശ്രീ രാജേഷ് നമ്പ്യാർ, ശ്രീ ഷാനവാസ് പുത്തൻവീട്ടിൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
അംഗത്തട്ടിൽ വൈപേഴ്സ് വട്ടംകുളം, ഈഗിൾസ് എടപ്പാൾ, കൊമ്പൻസ് കാലടി, ടെസ്ക്കേഴ്സ് തവനൂർ എന്നീ നാല് ടീമുകളാണ് കൊമ്പുകോർത്തത്,
ആവേശം നിറഞ്ഞ മത്സരത്തിന്റെ ഫൈനലിൽ 43 റൺസിന് വൈപേഴ്സ് വട്ടൻകുളത്തിനെ പരാജയപ്പെടുത്തി കൊമ്പൻസ് കാലടി ജേതാക്കളായി. ഓൾറൗണ്ടർ പ്രകടനം കാഴ്ചവച്ച മിഥുൻ ആയിരുന്നു ഫൈനലിലെ മികച്ച താരം.
കൂട്ടായ്മയുടെ അംഗങ്ങൾക്ക് സൗഹൃദം പുതുക്കാനുള്ള വേദിയൊരുക്കാനും ഒരു പിടി നല്ല കായിക പ്രതിഭകളെ കണ്ടെത്താനും MCL ക്രിക്കറ്റ് ലീഗിന് സാധിച്ചെന്ന് പ്രസിഡന്റ് ശ്രീ ഫൈസൽ ആനോടിയിൽ അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി ശ്രീ ഷാഹുൽ കാലടി, ട്രഷറർ ശ്രീ രാമചന്ദ്രൻ പോട്ടൂർ, മറ്റ് അംഗങ്ങളായ മുരളീധരൻ, മനോജ് വല്ല്യാട്, ഷാജി പാപ്പൻ, പ്രത്യുഷ് കല്ലൂർ, ഗ്രീഷ്മ വിജയൻ, ഐശ്വര്യ, ഷമീല ഫൈസൽ, കൃഷ്ണപ്രിയ, ഹാരിസ്, റെമിൻ എന്നിവർ ടൂർണമെന്റിന് നേതൃത്യം നൽകി.