മസ്കറ്റ്: ഒമാനിൽ പുകയില, മദ്യം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു ഇനി ഇരട്ടി വില നൽകേണ്ടിവരും. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടു നൂറു ശതമാനം നികുതി ഏർപ്പെടുത്തി. ഒരു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് പുകയില ഉൽപ്പന്നങ്ങൾക്കു നൂറു ശതമാനം നികുതി ഏർപ്പെടുത്തുന്നത്. ഈ മാസം 15 മുതലാണ് രാജ്യത്ത് പുതിയപുതിയ എക്സൈസ് നികുതി സംവിധാനം നിലവിൽ വരുക,ആരോഗ്യപൂർണമായ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാൻറെ പുതിയ നീക്കം. പുകയില, മദ്യം, എനർജി ഡ്രിങ്ക്സ്,പന്നിയിറച്ചി തുടങ്ങിയ ഉൽപന്നങ്ങൾക്ക് ഇനിമുതൽ നൂറു ശതമാനം നികുതി നൽകേണ്ടി വരും.പുകയില നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉൽപന്നങ്ങളുടെ നികുതിയിൽ നൂറു ശതമാനത്തിൻെറ വർധന വരുത്തിയിരുന്നു. പതിനേഴു വർഷങ്ങൾക്കു ശേഷമായിരുന്നു അന്നു നികുതിയിൽ വർധന വരുത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു പ്രത്യേക നികുതി ചുമത്താൻ കഴിഞ്ഞ ബജറ്റിൽ നിർദേശം ഉയർന്നിരുന്നു. ഈ നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് സുൽത്താൻന്റെ ഉത്തരവിലൂടെ നടപ്പിലാക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം ആരോഗ്യമേഖലയിലും, സാമൂഹിക സേവനത്തിനായും ഉപയോഗിക്കും. അതേസമയം, പ്രവാസികൾ അയക്കുന്ന പണത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നെകിലും സുൽത്താൻ അംഗീകാരം നൽകിയിരുന്നില്ല.