ഒമാനിൽ പ്രവാസികളുടെ ചികിത്സ ചെലവ് സ്പോൺസർ വഹിക്കണം

മസ്‌കറ്റ് : പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യമാണെന്നും എന്നാല്‍, തുടര്‍ ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഊദി. നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള ഒത്തുചേരലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ ഏഴാമത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യാപകമായി നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇത് സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലാണ്. രാജ്യത്ത് ഇതുവരെ 61000 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതുവരെ 4341 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 31 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.കോവിഡ് ബാധിതരാകുന്ന വിദേശികളുടെ ചികിത്സാ ചെലവ് വഹിക്കേണ്ടത് സ്‌പോണ്‍സറുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പരിശോധന സൗജന്യമാണ്. സ്‌പോണ്‍സറില്ലാത്ത വിദേശികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ലോക്ഡൗണും മത്ര വിലായത്തിലെയും ജഅലാന്‍ ബനീ ബുആലിയിലെയും സാനിറ്ററി ഐസൊലേഷനും ഈ മാസം 29 വരെ തുടരും. കോവിഡ് കേസുകള്‍ കുറയുന്നതോടെ മാത്രമെ നിയന്ത്രണങ്ങള്‍ നീക്കുകയുള്ളൂ.വാദി കബീര്‍, ഹമരിയ മേഖലകളിലാണ് രോഗപ്പകര്‍ച്ച ഇപ്പോള്‍ കൂടുതലെന്നും മന്ത്രി പറഞ്ഞു. തുറക്കാന്‍ അനുമതി ലഭിച്ച വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അടച്ചുപൂട്ടേണ്ടിവരുമെന്നും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.