ബഹ്‌റൈൻ :കേരളത്തിൽ കൊറോണ വയറസിന്റെ സമൂഹ വ്യാപനം നടക്കാൻ കാരണം പ്രവാസികളാണ് എന്നതരത്തിലുള്ള IMA സംസ്ഥാനപ്രസിഡന്റ് പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നുമാത്രമേ പ്രവാസി സമൂഹത്തിന് പറയാനുള്ളു. ഒരുപക്ഷേ വിദേശരാജ്യങ്ങളിൽ കൊറോണക്കെതിരെയുള്ള പ്രതിരോധം എത്ര ശക്തമായിട്ടാണ് നടപ്പാക്കുന്നത് എന്ന് അദ്ദേഹത്തിനുള്ള അറിവില്ലായ്മയായിരിക്കാം ഇങ്ങനെപറയാൻ പ്രേരിപ്പിച്ചത്. അദ്ദേഹം പറഞ്ഞതുപോലെ വെറുതെ പനിയുണ്ടോ എന്നുമാത്രം പരിശോധിച്ച് ഒരു പ്രവാസിയും കേരളത്തിൽ വിമാനമിറങ്ങുന്നില്ല. PCR ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ മാത്രമേ പ്രവാസികൾക്ക് വിമാനയാത്ര സാധ്യമാകു എന്നിരിക്കേ ബഹുമാനപെട്ട IMA സംസ്ഥാന പ്രസിഡന്റിന്റെ ഈ പ്രസ്താവന തികച്ചും അപലപനീയമാണ്.
പ്രവാസികളുടെ ഭാഗത്തുനിന്ന് നോക്കുബോൾ കൊറോണക്കെതിരെയുള്ള പ്രധിരോധ സംവിധാനങ്ങൾ കൈകൊള്ളുന്നതിൽ നമ്മുടെ നാട് വളരെ പുറകോട്ടുപോയിരിക്കുന്നു. കേരളത്തിൽ കൊറോണവൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദി, ശക്തമായ പ്രധിരോധ നടപടി കടലാസിൽമാത്രം ഒതുക്കിനിർത്തുന്ന ഭരണകൂടവും അത് അല്പംപോലും അനുസരിക്കാത്ത പൊതുസമൂഹവും തന്നെയാണ്. ഈ കഴിഞ്ഞ ഇലക്ഷൻ കാലയളവിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി പ്രചരണങ്ങൾ നടത്തിയത് നമ്മളെല്ലാം കണ്ടതാണ്. എന്നിരുന്നാലും കോവിഡിന്റെ സമൂഹവ്യാപനം പ്രവാസികളുടെ തലയിൽ മാത്രം കെട്ടിവച്ചു കൈകഴുകാൻ ശ്രമിക്കേണ്ട. കൃത്യമായ പരിശോധനകൾ കഴിഞ്ഞതിനുശേഷം ഓരോ യാത്രയും കഴിഞ്ഞു അണുവിമുക്തമാക്കുന്ന വിമാനത്തിലാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. അതിനുശേഷം 7 ദിവസത്തെ കൊറേണ്ടയിൻ കഴിഞ്ഞു PCR ടെസ്റ്റും കഴിഞ്ഞതിനു ശേഷം മാത്രമേ പ്രവാസികൾ പുറത്തിറങ്ങാറുള്ളു. ഇതൊന്നും മനസിലാക്കാതെ പ്രവാസികൾക്കെതിരെ പ്രസ്താവനകൾ പടച്ചുവിടുന്നത് ഇതിനുപുറകിൽ മറ്റുപല ഉദ്ദേശ്യലക്ഷ്യങ്ങളും ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രവാസികൾ നാടിന്റെ നട്ടെല്ലാണ് എന്നുപറയുബോളും, അടിക്കടിയുള്ള വിമാനടിക്കറ്റ് വർദ്ധന, വിശേഷ ദിവസങ്ങളിൽ ഈടാക്കുന്ന അമിത വിമാനടിക്കറ്റ് നിരക്ക്, നിർബന്ധിത ഹോട്ടൽ കൊറന്റൈൻ, ഇത്തരത്തിൽ പ്രവാസികളെ ചുഷണം ചെയ്യുവാനുള്ള ഒരവസരവും മാറിമാറിവരുന്ന സർക്കാരുകൾ പാഴാക്കാറില്ല എന്നത് ഇനിയും പ്രവാസികൾക്ക് കണ്ടില്ലന്നു നടിക്കാനാവില്ല. ഇതുകൂടാതെയാണ് നാട്ടിലുള്ള വിമാനത്താവളങ്ങളിൽ പ്രവാസികൾ അനുഭവിക്കുന്ന ദുരിതം. ഇതിനൊരുമാറ്റമുണ്ടായില്ലങ്കിൽ പ്രവാസികൾ ഒറ്റകെട്ടായി അതിശക്തമായ പ്രധിഷേധനടപടികളുമായി മുന്പോട്ടുപോകുന്നതാണ്. പ്രവാസികളെയും നാട്ടിലുള്ള അവരുടെ കുടുബത്തെയും പ്രതികൂലമായി ബാധിക്കുകയും മാനസികമായി തകർക്കുകയും ചെയ്യുന്ന നടപടികളിൽനിന്നും പിന്നോട്ടുപോകണമെന്നു പ്രവാസികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) പ്രസ്താവിച്ചു.