നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അൽഹസ്സയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

By : Mujeeb Kalathil

അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പറും സജീവപ്രവർത്തകനുമായിരുന്ന  സനീഷ് പി (38 വയസ്സ്) ഹൃദയാഘാതം മൂലം മരണമടഞ്ഞു. ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്നു വന്നത്.കഴിഞ്ഞ അഞ്ചു വർഷമായി, അൽഹസ്സയിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു സനീഷ്.  ചൊവ്വാഴ്ച്ച വൈകുന്നേരം സനീഷിന്റെ റൂമിലെത്തിയ സഹപ്രവർത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ സ്ഥിതീകരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകനാണ് സനീഷ്. ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്. നവയുഗം അൽഹസ്സ സനയ്യ യൂണിറ്റ് രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായിരുന്ന സനീഷ് എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സനീഷിന്റെ ആകസ്മിക നിര്യാണത്തിൽ  നവയുഗം സാംസ്കാരികവേദി  അഗാധമായ ദുഃഖം രേഖപ്പെടുത്തി.  സനീഷിന് ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതിനോടൊപ്പം , അദ്ദേഹത്തിന്റെ വിയോഗത്തിൽ  ആ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ നവയുഗം പങ്കുചേരുന്നതായി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും അറിയിച്ചു.മൃതദേഹം നാട്ടിലെത്തിയ്ക്കാനായി നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ശ്രമം നടന്നു വരുന്നു.  അൽഹസ്സയിൽ തന്നെയുള്ള സജീഷിന്റെ ഒരു ബന്ധു ഈ പ്രവർത്തനങ്ങളിൽ കൂടെയുണ്ട്.