മസ്കത്ത് :(15-04-20) ഇന്നു നടന്ന നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗം സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളാണ് കൈകൊണ്ടത്,അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ സ്വകാര്യ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ പിരിച്ചുവിടാം എന്നതാണ്. വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്ന പക്ഷം അവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു. പ്രതിസന്ധി ബാധിച്ച കമ്പനികൾക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് ശമ്പളം കുറക്കാം. ജോലി സമയത്തിൽ കുറവ് വരുത്തി അതിന് ആനുപാതികമായി ശമ്പളം കുറക്കാനാണ് അനുമതി നൽകിയത്.നിലവിൽ രാജ്യത്തിന് പുറത്തുള്ള വിദേശ തൊഴിലാളികളുടെ റസിഡൻറ് കാർഡ് പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകും. ലേബർകാർഡ് പുതുക്കാനുള്ള ഫീസ് 301 റിയാലിൽനിന്ന് 201 റിയാൽ ആയി കുറച്ചിട്ടുണ്ട്. ജൂൺ അവസാനം വരെയാണ് ഇൗ ഇളവ് പ്രാബല്യത്തിൽ ഉണ്ടാവുക.ഒമാനി തൊഴിലാളികളെ പിരിച്ചുവിടാൻ പാടുള്ളതല്ല. അടഞ്ഞുകിടക്കുന്ന മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള വാർഷിക അവധി നൽകാവുന്നതാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.