പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ബഹ്‌റൈൻ : പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ, ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻന്റെയും സഹകരണത്തോടെ കണക്റ്റിംഗ് പീപ്പിൾ എന്നാൽ ബോധവൽക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷൻ സംഘടിപ്പിച്ചു. നവംബർ 2 ശനിയാഴ്ച വൈകിട്ട് 7മണിക്ക് ഉമൽ ഹസത്തുള്ള കിംസ് ഹെൽത്ത് ആശുപത്രി ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എൽ എം ആർ എ യിൽ നിന്നും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിൽ നിന്നും പത്തോളം അധികൃതർ പ്രവാസികളുടെ ലേബർ നിയമങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളിലെ സംശയങ്ങൾക്ക് മറുപടി നൽകി. പരിപാടിയോടനുബന്ധിച്ച് കിംസ് ഹെൽത്ത് ആശുപത്രിയുടെ യൂറോളജിസ്റ്റ് ഡോക്ടർ മഹേഷ് കൃഷ്ണസ്വാമി പുരുഷന്മാരുടെ ആരോഗ്യപരിപാലനത്തെക്കുറിച്ചും സംസാരിച്ചു.പല രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ അവരുടെ സംശയങ്ങൾ ഉന്നയിക്കുകയും എല്ലാ ചോദ്യങ്ങൾക്കും എൽ എം ആർ എ, ഐ ഓ എം അധികൃതർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. മാധ്യമപ്രവർത്തക ശ്രീമതി രാജി ഉണ്ണികൃഷ്ണൻ ചോദ്യോത്തരവേള നിയന്ത്രിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ യും ബഹ്‌റൈൻ  ചാപ്റ്റർ പ്രസിഡന്റുമായ ശ്രീ സുധീർ തിരുനിലത്ത് നന്ദി പ്രകാശിപ്പിച്ചു.