കുവൈറ്റ് സിറ്റി: വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ അഞ്ച് ഇന്ത്യക്കാർക്ക് ജയിൽശിക്ഷ. ഒരു സിറിയക്കാരനെയും പിടികൂടിയിട്ടുണ്ട്. എണ്ണമേഖലയിലെ സ്വകാര്യ കരാർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണിവർ. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റ് പിടികൂടിയത്. വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാനായി നടത്തുന്ന പരിശോധന പുരോഗമിക്കുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.
അടുത്തഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് ജോലിനേടി സർക്കാറിൽനിന്നും കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കും.