മസ്കറ്റ് : കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടി എടുത്തു. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുൻകരുതൽ നടപടികളുടെ ഭാഗമായി തടങ്കലിലാക്കുകയും ചെയ്തതായി ഒമാൻ ഒബ്സർവർ പത്രം റിപ്പോർട്ട് ചെയ്തു. കേസുകൾ ബന്ധപ്പെട്ട കോടതികൾക്ക് കൈമാറുകയും ചെയ്തു. സാമൂഹികാന്തരീക്ഷത്തെ മോശമായി ബാധിക്കുന്ന വ്യാജ വാർത്തകളും കിംവദന്തികളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് കഴിഞ്ഞ ദിവസം ഗവ. കമ്യൂണിക്കേഷൻസ് അറിയിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ആരെങ്കിലും ചെയ്യുന്നപക്ഷം അവർ നിയമ നടപടി നേരിടേണ്ടിവരുകയും ചെയ്യും. മതപരമായ മൂല്യങ്ങളെ ലംഘിക്കുകയും സാമൂഹികാന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യുന്ന വാർത്തകൾ സൃഷ്ടിക്കുന്നവരും പ്രസിദ്ധീകരിക്കുന്നവരും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നവർ ശിക്ഷാർഹരാണെന്നാണ് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള നിയമം പറയുന്നത്. ഒരു മാസം മുതൽ മൂന്നുവർഷം വരെ തടവ് അല്ലെങ്കിൽ ആയിരം റിയാൽ മുതൽ മൂവായിരം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ആണ് ഇത്തരം കേസുകളിൽ ശിക്ഷയായി ലഭിക്കുക.