ഫാത്തിമയുടെ മരണം കൊലപാതകം എന്ന സംശയം ബലപെടുന്നു.

കൊല്ലം /ചന്നൈ: തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്.

‘മുടി കെട്ടാൻ പോലും അറിയാത്ത മോൾ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. അവൾ ജീവനൊടുക്കില്ല; ജീവനെടുത്തതാണ്’ – മാതാവ് സജിത പറയുന്നു. സംഭവദിവസം വിഡിയോ കോൾ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

ഫാത്തിമ മാതാപിതാക്കൾക്കാപ്പം

അന്നു രാത്രി 9.30 വരെ മെസ് ഹാളിൽ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റൽ മുറിയിലേക്ക് അയച്ചതെന്നു കന്റീൻ ജീവനക്കാരൻ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

എന്നാൽ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണൽ പരീക്ഷയിൽ 20 ൽ 13 മാർക്ക് ആണ് ആരോപണ വിധേയനായ അധ്യാപകൻ നൽകിയത്. മൂല്യനിർണയത്തിൽ പിശകുണ്ടെന്നു കാണിച്ച് അധ്യാപകന് ഇ–മെയിൽ അയച്ചപ്പോൾ 18 മാർക്ക് നൽകി.

ഈ അധ്യാപകനെ കൂടാതെ 2 അസി. പ്രഫസർമാർക്കും ചില വിദ്യാർഥികൾക്കും മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.

കയർ ഫാനിൽ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയിൽ കാണപ്പെട്ടതും ചെന്നൈയിൽ എത്തിയ ബന്ധുക്കളോട് അധ്യാപകർ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കൾ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടും ഫാത്തിമയുടെ മൊബൈൽ ഫോൺ നൽകാൻ എസ്ഐ മടിച്ചതായും അവർ ചൂണ്ടിക്കാട്ടി.