ഫ്രന്റ്‌സ് വനിതാസമ്മേളനം ഫാത്തിമ ശബരിമാല പങ്കെടുക്കും

പ്രമുഖ ബഹ്‌റൈനി സാമൂഹിക പ്രവർത്തക സഫിയ അഹമ്മദ് അൽകൂഹിജി ഉത്ഘാടനം നിർവഹിക്കും

മനാമ : “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം നടത്തുന്ന സമ്മേളനത്തിൽ
പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും സാമൂഹ്യ പ്രവർത്തകയുമായ ശബരിമാല പങ്കെടുക്കും.തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശബരിമാല 2002-ൽ കടലൂർ ജില്ലയിലെ കാട്ടുമണ്ണാർഗുഡിക്കടുത്തുള്ള എളേരി സ്‌കൂളിൽ അധ്യാപിക ആയാണ് ഒദ്യോഗിക ജീവിതം ആരംഭിച്ചത്. ജോലിയേക്കാൾ രാജ്യമാണ് മുഖ്യമെന്നു പറഞ്ഞ് സർക്കാർ സ്‌കൂളിലെ ജോലി ഉപേക്ഷിച്ച് പിന്നീട് പൊതുപ്രവർത്തനം ആരംഭിക്കുകയായിരുന്നു അവർ.2002 മുതൽ പൊതു പ്രവർത്തന മേഖലയിൽ സജീവമാണ് ശബരിമാല. വിദ്യാഭ്യാസ സമത്വത്തിനും പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുമായാണ് അവർ മുഖ്യമായും പ്രവർത്തിക്കുന്നത്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുകയുമെന്നത് അവരുടെ പ്രവർത്തന ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്.രണ്ടായിരത്തിലധികം വേദികളിൽ മോട്ടിവേഷണൽ സ്പീക്കറായി സംസാരിച്ചിട്ടുണ്ട് ശബരിമാല.ഡിസംബർ 30 വെള്ളിയാഴ്ച വൈകിട്ട് 5:30നു മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനം ഉൽഘാടനം ചെയ്യുന്നത് പ്രശസ്ത ബഹ്‌റൈനി സാമൂഹിക പ്രവർത്തക സഫിയ അഹമ്മദ് അൽ കൂഹിജി ആണ്. പ്രമുഖ സോഷ്യൽ ആക്റ്റിവിസ്റ്റും ട്വീറ്റിന്റെ (വിമൻ എഡ്യുക്കേഷൻ & എംപവർമെന്റ് ട്രസ്റ്റ്) ചെയർപേഴ്സനുമായ എ. റഹ്മത്തുന്നിസ ആണ് മറ്റൊരു മുഖ്യ അതിഥിയായി പങ്കെടുക്കുന്നത്. കൂടാതെ ബഹ്‌റൈനിലെ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളും പങ്കെടുക്കും. സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സ്ത്രീകൾ തന്നെയാണ് നടത്തുന്നതെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്. കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിത്യസ്തങ്ങളായ കലാപരിപാടികൾ സമ്മേളനത്തിന്റെ മാറ്റ് കൂട്ടും. സമ്മേളനത്തിന് മുന്നോടിയായി മനാമ, റിഫ, മുഹറഖ് ഏരിയകൾ നടത്തിയ വിവിധ മത്സരപരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും അന്നേ ദിവസം ഉണ്ടായിരിക്കും. ബഹ്‌റൈനിന്റെ എല്ലാ ഭാഗത്തു നിന്നും വിപുലമായ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ സൗദ പേരാമ്പ്ര അറിയിച്ചു.