(ഫയൽ ചിത്രം : 2013 ൽ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ )
ബഹ്റൈൻ : മുഖ്യ മന്ത്രിയായും അല്ലാതെയും നിരവധി സന്ദര്ശനങ്ങൾ ആണ് ഉമ്മൻ ചാണ്ടി എന്ന ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ് ഈ പവിഴ ദീപിൽ നടത്തിയത് . 2013 ജൂൺ 27ന് യൂ എൻ അവാർഡ് ഏറ്റു വാങ്ങാൻ എത്തിയ അദ്ദേഹത്തിനെ ഇരു കൈകളും നീട്ടിയാണ് ബഹ്റൈൻ ഭരണകൂടവും പ്രവാസികളും സ്വീകരിച്ചത് . ഒരു രാഷ്ട്ര തലവന് നൽകാവുന്ന ഏറ്റവും വലിയ സ്വീകരണത്തിനാണ് ബഹ്റൈൻ അന്ന് സാക്ഷ്യം വഹിച്ചത് .
(കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ നൽകിയ സ്വീകരണം )
ഒരു വിദേശ രാജ്യത്തെ പരിമിതികൾ മറികടന്നു കൊണ്ടാണ് വൻ ജനാവലി അദ്ദേഹം വിമാന താവളത്തിൽ എത്തിയത് മുതൽ തിരിച്ചു യാത്ര അയക്കുന്നത് വരെ ഒപ്പം ഉണ്ടായിരുന്നത് .ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അടക്കം സാധാരണ പ്രവാസികൾ അടങ്ങുന്ന നീണ്ട നിര തന്നെ അദ്ദേഹത്തെ കാണുവാൻ വന്നെത്തിയിരുന്നു . രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, മുൻ പ്രധാനമന്ത്രി , കിരീടാവകാശിയും നിലവിലെ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ എന്നിവരുമായും പ്രത്യേകം കൂടി കാഴ്ച നടത്തിയിരുന്നു . യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യോ അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി വു ഹോഡ് ബോയിൽനിന്ന് യു.എൻ പുരസ്കാരം അദ്ദേഹം ഏറ്റു വാങ്ങിയത് . പ്രവാസികളുടെ ഏറ്റവും വലിയ ആൾ കൂട്ടത്തിനാണ് 2013 ൽ ബഹ്റൈൻ സാക്ഷ്യം വഹിച്ചത് . ബഹ്റൈന് നാഷനല് തിയറ്ററില് നടന്ന യൂ എൻ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിനെ കാണാനെത്തിയവരുടെ നീണ്ട നിരയും ഉന്നത ഉദ്യാഗസ്ഥരുടെ അകമ്പടിയും സ്വദേശികൾ ഉൾപ്പെടെ ഉള്ളവരിൽ അത്ഭുതം ഉളവാക്കിയിരുന്നു . കൂട്ടായ്മയുടെയും സംഘടനകളുടെയും രണ്ടു മാസം കൊണ്ട് തീർക്കേണ്ട 35 ഓളം പരിപാടികൾ കേവലം 38 മണിക്കൂർ വേഗത്തിലാണ് യാതൊരു പരാതിയും കൂടാതെ അദ്ദേഹം പൂർത്തീകരിച്ചത് . ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ ഒഐസിസിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ബഹ്റൈൻ പ്രവാസ സമൂഹത്തിലെ ചരിത്രം തന്നെയാണ് .ജിസിസിയിൽ ഏറ്റവും കൂടുതൽ കോൺഗ്രെസ് നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്ത പരിപാടിയായി അത് മാറി
കേരളീയ സമാജവും ഏറ്റവും വലിയ ജനാവലിക്കു അദ്ദേഹത്തിന്റെ സന്ദർശനത്തിൽ സാക്ഷ്യം വഹിച്ചിരുന്നു . മലയാള രാഷ്ട്രീയ ചരിത്രത്തിൽ ജനകീയൻ എന്ന നിലയിൽ ഒന്നടങ്കം ആവേശത്തെടെ പറയുന്ന ഒരു പേരാണ് ഉമ്മൻ ചാണ്ടി . അതോടൊപ്പം തന്നെ ആണ് പ്രവാസ ലോകത്തു അദ്ദേഹം നടത്തിയ സേവന പ്രവർത്തനങ്ങൾ. ഇറാഖിലെ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോൾ അവിടെയുള്ള നഴ്സുമാരെ മോചിപ്പിക്കാൻ ഉമ്മൻചാണ്ടി ആദ്യം ബന്ധപ്പെട്ടതും ബഹ്റൈനിലേക്ക് ആയിരുന്നു. ബഹ്റൈൻ ഇന്ത്യൻ എംബസ്സിയിലെ മുൻ സെക്രട്ടറി ആയിരുന്ന അജയകുമാറായിരുന്നു ഇറാഖിലെ സ്ഥാനപതി.തൊഴിൽ, ജയിലിൽ കിടക്കുന്ന പ്രവാസികളുടെ വിഷയങ്ങൾ , വിമാന യാത്ര തുടങ്ങി വിഷയങ്ങളിൽ അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു .സന്ദർശനത്തിലുടനീളം സാധാരണക്കാരായ നിരവധി പ്രവാസികളുടെ നിവേദനമാണ് അദ്ദേഹം സ്വീകരിച്ചത് . അതിനുള്ള പരിഹാരങ്ങളും ഉടൻ തന്നെ ലഭിക്കുമെന്നുള്ളത് അദ്ദേഹത്തിനെ വീണ്ടും ജനപ്രീതിയിലേക്കു നയിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് . (ഫയൽ ചിത്രം യൂ എൻ അവാർഡ് 2013 : വാർത്താസമ്മേളനം)
2017 ൽ അദ്ദേഹം വീണ്ടും ബഹ്റൈൻ സന്ദർശിച്ചപ്പോൾ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രണാ തീതമായിരുന്നു . എളിമയുള്ള അദ്ദേഹത്തിന്റെ ശൈലിയും വാക്കുകളും സ്വാന്തന പ്രവർത്തനങ്ങളും എതിരാളികളുടെ മുന്നിൽ ചിരിയോടുള്ള സംസാരവും അദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത് . സ്വദേശികൾക്കു വരെ അദ്ദേഹത്തിന്റെ ശൈലികൾ വളരെ ഇഷ്ടമായിരുന്നു .രാഷ്ട്രീയഭേദമന്യേ അദ്ദേഹത്തിന്റെ പ്രവർത്തനം മറ്റുള്ളവരിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു .(ഫയൽ ചിത്രം : ബഹ്റൈൻ ഒഐസിസി ഓഫീസ് ബഹു. ഉമ്മൻചാണ്ടി ഉത്ഘാടനം ചെയ്യുന്നു)
ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറത്തിനു മറക്കാനാവാത്ത ഓർമ്മകൾ ആണ് പങ്ക് വെക്കാനുള്ളത് . പ്രവാസികളുടേതും അല്ലാത്തതുമായ നിരവധി വിഷയങ്ങൾ ആണ് ഇരുവരും കൈകാര്യം ചെയ്തിട്ടുള്ളത് ,യൂ എൻ അവാർഡ് സ്വീകരിക്കുവാൻ ബഹ്റൈൻ തെരഞ്ഞെടുത്തതും ചുരുങ്ങിയ സമയം കൊണ്ട് നിരവധി സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുവാനും അദ്ദേഹം സമയം കണ്ടെത്തി .ആരുടേയും ശുപാർശ ഇല്ലാതെ നേരിട്ട് കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാനും, അവക്ക് പരിഹാരം കാണുവാനും സാധിച്ചിട്ടുണ്ട്.ഇനിയും ഇത് പോലെയുള്ള ജനകീയ നേതാക്കളെ നമുക്ക് ലഭിക്കുമോ എന്ന് അറിയില്ലെന്നും ഒഐസിസി ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം പറഞ്ഞു .ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ വിയോഗം ഒരിക്കലും നികത്താൻ സാധിക്കില്ലെന്നും ഒഐസിസി പ്രവർത്തകർ പറയുന്നു.(ഫയൽ ചിത്രം : 2017 ൽ ബഹ്റൈനിലെ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ )
കെ എം സി സി ,ഐ ഒ സി, ഐ വൈ സി സി , ബഹ്റൈൻ പ്രതിഭ, ഐ വൈ സി , ബഹ്റൈൻ കേരളീയ സമാജം തുടങ്ങി ബഹ്റിനിലെ എല്ലാ കൂട്ടായ്മകളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട് .(ഫയൽ ചിത്രം : 2017 ൽ മുൻ ജയ്ഹിന്ദ് ടി വി ബഹ്റൈൻ ഓഫീസിൽ സന്ദർശനം നടത്തിയപ്പോൾ )
1943 ഒക്ടബറിൽ ജനിച്ച അദ്ദേഹം തൻ്റെ 27ാം വയസ്സ് മുതൽ 79 വയസ്സു വരെ, തുടർച്ചയായി 12 തവണ, അൻപത്തി മൂന്നു വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധി എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് . എതിരാളികളുടെ മനസ്സിൽ പോലും സ്നേഹം കൊണ്ട് ഇടം നേടിയ നേതാവിന്റെ വിയോഗം രാഷ്ട്രീയ ഭേദമന്യേ സങ്കടത്തിൽ ആക്കിയിരിക്കുകയാണ് .രാഷ്ട്രീയക്കാർക്കു കെ കരുണാകരന് ശേഷം കോൺഗ്രസ്സിന്റെ എക്കാലത്തെയും ജനകീയ മുഖം,നാട്ടുകാർക്ക് നാട് അറിഞ്ഞ ജനങ്ങളെ അറിഞ്ഞ ജനങ്ങൾക്ക് ഇടയിൽ ജീവിച്ച കോട്ടയത്തിന്റെ കുഞ്ഞൂഞ്ഞ് .വിമർശകരെയും എതിരാളികളെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്ത നേതാവ് . മാധ്യമ പ്രവർത്തകരോട് പോലും കുശലം ചോദിച്ചു , ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം തരുന്ന വെക്തി . സംസ്ഥാനത്തിന് ഒരു മികച്ച ഭരണാധികാരി. ‘സ്നേഹം’ കൊണ്ട് ലോകം ജയിച്ച ജന നായകൻ വിട വാങ്ങിയിരിക്കുന്നു ..ആൾകൂട്ടത്തിനെ തനിച്ചാക്കി…..
ഗൾഫ് പത്രത്തിന്റെ ആദരാഞ്ജലികൾ….