ദുബായ്: മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് നിഗമനം.ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ പ്രദേശങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണവും, തിരിച്ചടിയായി ഇസ്രായേലിന്‍റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഇസ്രായേല്‍ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് വില വർധിക്കുമെന്ന വിലയിരുത്തല്‍. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 3.72 ഡോളര്‍ അഥവാ 5.03 ശതമാനം ഉയര്‍ന്ന് ബാരലിന് 77.62 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്‍റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകള്‍ 3.61 ഡോളര്‍ അഥവാ 5.15 ശതമാനം ഉയര്‍ന്ന് 73.71 ഡോളറായി.ബ്രെന്‍റ് ഫ്യൂച്ചറുകള്‍ ബാരലിന് 77.89 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. അതേസമയം ഡബ്ല്യുടിഐ ഫ്യൂച്ചറുകള്‍ ബാരലിന് 73.97 ഡോളര്‍ ആയി ഉയര്‍ന്നു. രണ്ടും ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.