‘ഫീനാ ഖൈര്‍’ പദ്ധതി നടത്തിപ്പില്‍ ഫ്രന്‍റ്സ് അസോസിയേഷന്‍ പങ്കാളിയാവും

മനാമ: കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി ഹമദ് രാജാവിന്‍െറ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ രണ്ടാം ഘട്ടമായ ‘വീട്ടില്‍ ഭക്ഷണം’ പരിപാടിയുടെ നടത്തിപ്പില്‍ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പങ്കാളിയാകും. കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഭവക്കിറ്റുകള്‍ എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റിന്‍െറ പങ്കാളിത്തം ശ്രദ്ധേയമാണ്. കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫയുടെ മേല്‍ നോട്ടത്തില്‍ നടന്നു വരുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കിറ്റുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ വ്യക്തമാക്കി. റമദാനില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് നടപ്പാക്കിയ ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ മികച്ച സഹകരണം അസോസിയേഷന്‍െറ ഭാഗത്തു നിന്നുണ്ടായിരുന്നു. പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടത്തെി ഭക്ഷ്യവിഭവ കിറ്റുകള്‍ കൈമാറുമെന്ന് വെല്‍കെയര്‍ ടീം ക്യാപ്റ്റന്‍ അബ്ദുല്‍ മജീദ് തണല്‍ വ്യക്തമാക്കി. കാപിറ്റല്‍ ഗണര്‍ണറേറ്റിലെ സ്ട്രാറ്റജിക് പ്ളാനിങ് ആന്‍റ് പ്രൊജക്റ്റ്സ് മാനേജ്മെന്‍റ് ഹെഡ് യൂസുഫ് യഅ്ഖൂബ് ലോറി ഭക്ഷ്യ വിഭവ കിറ്റുകള്‍ കൈമാറി. ഹോസ്പിറ്റാലിറ്റി ആന്‍റ് ചാരിറ്റി കോര്‍ഡിനേറ്റര്‍ ആന്‍റണി പൗലോസ് കുന്നംപുഴ, ദിശ സെന്‍റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, അന്‍വര്‍ മൊയ്തീന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.