
മനാമ: കുറഞ്ഞ വരുമാനക്കാരായ വനിതകൾക്ക് സാമ്പത്തിക സുരക്ഷയും വ്യക്തിഗത ധനകാര്യ മാനേജ്മെന്റും സംബന്ധിച്ച് അവബോധം നൽകുന്നതിനായി ഐ.സി.ആർ.എഫ് ബഹ്റൈൻ, ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് സാമ്പത്തിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സെപ്റ്റംബർ 11ന് ഐ.സി.ആർ.എഫ് ഓഫീസിൽ നടന്ന പരിപാടിയിൽ 25ലധികം വനിതാ ഗാർഹിക തൊഴിലാളികൾ പങ്കെടുത്തു.വ്യാജ ഫോൺകോളുകൾ, ലോൺ ഷാർക്കുകൾ, സാമ്പത്തിക തട്ടിപ്പുകൾ, വ്യക്തിഗത-സാമ്പത്തിക വിവരങ്ങൾ പങ്കിടുന്നതിന്റെ അപകടസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസിൽ വിശദീകരണം നൽകി. തട്ടിപ്പുകൾ തിരിച്ചറിയാനും വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാനുമുള്ള പ്രായോഗിക നിർദേശങ്ങളും പങ്കുവെച്ചു.സമൂഹത്തിലെ അംഗങ്ങളിൽ സാമ്പത്തിക അവബോധം വളർത്തുന്നതിനും സുരക്ഷിതമായ ധനകാര്യ മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.







