ദുബായ് ∙ ആശ്രിതർക്കും ജീവനക്കാർക്കും ഈ വർഷം മാർച്ച് 31നു മുൻപ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാത്ത സ്പോൺസറും തൊഴിൽ ദാതാവും പിഴ നൽകണമെന്നു ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ വിജ്ഞാപനം. ദുബായിൽ ആരോഗ്യ ഇൻഷുറൻസ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതു സംബന്ധിച്ച എക്സിക്യൂട്ടീവ് കൗൺസിൽ വിജ്ഞാപനം (ആറ്– 2017) ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ചു.
വിജ്ഞാപന പ്രകാരം ഈവർഷം ഡിസംബർ 31നു ശേഷം ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ സന്ദർശകരും പിഴ നൽകേണ്ടി വരും. പദ്ധതി നടപ്പാക്കൽ, ഉത്തരവാദിത്തമുള്ളവർ, പിഴ, സമയപരിധി തുടങ്ങിയവ സംബന്ധിച്ചാണ് വിജ്ഞാപനം. യുഎഇ പൗരൻമാർക്ക് 2015 ജൂൺ ഒന്നുമുതൽ ദുബായ് സർക്കാരും പ്രവാസികൾക്കു 2014 ജനുവരി ഒന്നുമുതൽ തൊഴിൽ ഉടമകളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ളവരാണെന്നു വിജ്ഞാപനത്തിൽ പറയുന്നു.
സ്പോൺസർമാരും രക്ഷിതാക്കളും കുടുംബങ്ങൾക്കും ഗാർഹിക ജീവനക്കാർക്കും 2014 ജനുവരി ഒന്നുമുതൽ ആരോഗ്യ പരിരക്ഷ നൽകാൻ കടമയുള്ളവരാണെന്നും വിശദീകരണമുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമുള്ള ഇലക്ട്രോണിക് സംവിധാനം വഴിയുള്ള അത്യാവശ്യ ആരോഗ്യ പരിരക്ഷ പദ്ധതി ഉൾപ്പെടുത്തുന്നതു സംബന്ധിച്ചും വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്.
അംഗീകാരമുള്ള സ്ഥാപനമായിരിക്കണം ഹെൽത്ത് കാർഡ് നൽകേണ്ടത്. ബന്ധപ്പെട്ട നിയമങ്ങൾക്കു വിധേയമായിട്ടുള്ളതാകണം ഇൻഷുറൻസ് പോളിസി. താമസ വീസ ഉൾപ്പെടെയുള്ള കാര്യങ്ങൾ ബന്ധിപ്പിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തേണ്ട ഉത്തരവാദിത്തം ദുബായ് ഹെൽത്ത് അതോറിറ്റിക്കാണെന്നും വിജ്ഞാപനം പറയുന്നു.