വിനോദസഞ്ചാരികൾക്ക്​ വിസ–ഗതാഗത പിഴകൾ ഓൺലൈൻനായി അടക്കാം

മസ്​കറ്റ് : വിദേശികൾക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ താമസ സമയത്ത്​ ലഭിച്ച പിഴകൾ ഇനി ഓൺലൈൻനായി അടക്കാം. ഇതുമായി ബന്ധപ്പെട്ട ഇലക്​ട്രോണിക്​ സേവനസംവിധാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.വിസ, റസിഡന്റ് വിസ കാലാവധി കഴിഞ്ഞവർക്കും ഗതാഗത പിഴകൾ ഉള്ളവർക്കുംഓൺലൈൻനായി പണമടക്കാൻ സാധിക്കും. നിലവിൽ വിമാനത്താവളത്തിലാണ്​ പിഴയടക്കാൻ സംവിധാനമുള്ളത്​. രാജ്യത്തിനു​ പുറത്തേക്ക്​ പോകുന്ന വിദേശികളുടെ യാത്രാനടപടികൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ്​ പുതിയ നടപടിയെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. www.rop.gov.om വെബ്​സൈറ്റിൽ ഇലക്​ട്രോണിക്​ ഫോറം പൂരിപ്പിച്ചശേഷം പിഴയടക്കുകയാണ്​ വേണ്ടത്​.പണം അടച്ചതിനുശേഷം റെസീപ്​റ്റ്​ പ്രിൻറ്​ എടുക്കുകയും വേണം. പിഴയടച്ചവർക്ക്​ നേരിട്ട്​ പാസ്​പോർട്ട്​ കൗണ്ടറുകളിലേക്കോ/ഇ-ഗേറ്റ്​ കൗണ്ടറുകളിലേക്കോ പോയി ഡിപ്പാർച്ചർ നടപടികൾ പൂർത്തിയാക്കാം.