സെക്രട്ടേറിയേറ്റ് തീപിടുത്തം – സി ബി ഐ അന്വേഷിക്കണം – രാജു കല്ലുമ്പുറം.

മനാമ : തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് കെട്ടിടത്തിനു തീ പിടിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി സി ബി ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലര വർഷക്കാലമായി സംസ്ഥാന സർക്കാർ നടത്തിയ അഴിമതികൾ എല്ലാം ചോദ്യം ചെയ്ത ദിവസമായിരുന്നു ഇന്നലെ നടന്ന അവിശ്വാസ പ്രമേയ ചർച്ച. ചർച്ചയിൽ പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിന് പോലും കൃത്യമായി മറുപടി നൽകുവാൻ സാധിക്കാത്ത സർക്കാർ ഈ ആരോപണങ്ങൾ എല്ലാം അന്വേഷിക്കാൻ ഏതെങ്കിലും കേന്ദ്ര ഏജൻസി വന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും, ഉദ്യോഗസ്ഥരും ജയിലിൽ പോകും എന്ന് ഉറപ്പുള്ള സാഹചര്യത്തിൽ ഈ തീ പിടുത്തം ചില സംശയങ്ങൾ  ജനിപ്പിക്കുന്നു. സ്വർണ്ണം കടത്തിയ കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും സി സി ടി വി ദൃശ്യങ്ങൾ നൽകുവാൻ തയാറാകാത്ത സംസ്ഥാന സർക്കാർ,  എല്ലാ തെളിവുകളും നശിപ്പിക്കാൻ വേണ്ടി ആണ് ശ്രമിച്ചുകൊണ്ടിരുന്നത്. ആരോപണങ്ങൾ എല്ലാം അവസാനം ചെന്ന് നിൽക്കുന്നത് മുഖ്യമന്ത്രിയിലേക്ക് ആണ്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു എങ്കിലും പ്രതിപക്ഷത്തിന്റെ ഒരു ആരോപണത്തിന് പോലും മറുപടി പറയാത്ത മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു അന്വേഷണം നേരിടണം എന്നും രാജു കല്ലുമ്പുറം ആവശ്യപ്പെട്ടു.