യുഎഇയിൽ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്: ഇന്ത്യൻ സ്ഥാനപതി

Air India Express file pic

ദുബായ്: ഇന്ത്യക്കാരുടെ യുഎഇയിൽ നിന്നുള്ള മടക്കയാത്രയിലെ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേയ്ക്ക്. രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്റീൻ സൗകര്യം ആദ്യം ഏർപ്പെടുത്തിയത് കേരളമായതിനാല്‍ കേന്ദ്ര സർക്കാർ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. 13,000 രൂപയായിരിക്കും ടിക്കറ്റ് നിരക്കെന്നും അദ്ദേഹം സൂചിപ്പിച്ചു. ചരിത്രത്തിലെ എറ്റവും വലിയ ഒഴിപ്പിക്കൽ നടപടിയാണ് ഒരുങ്ങുന്നതെന്നും എംബസിയുടെ വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്തവരുടെ പേരുവിവരങ്ങൾ ക്രോഡീകരിച്ചുവരികയാണെന്നും സ്ഥാനപതി വ്യക്തമാക്കി. പോകേണ്ടവരുടെ പട്ടിക തയാറാക്കി എംബസി എയർ ഇന്ത്യക്ക് കൈമാറും. തുടർന്നായിരിക്കും ടിക്കറ്റ് നൽകിത്തുടങ്ങുക. എയർ ഇന്ത്യാ വെബ് സൈറ്റ് മുഖേനയോ ഒാഫീസുകളിൽ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ചെയ്യാൻ പോകുന്നത്. ആദ്യ ദിവസം രണ്ടിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കരുതുന്നില്ലെന്നും പവൻ കപൂർ വ്യക്തമാക്കി. ഗൾഫിലെ ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. വളരെ പ്രയാസപ്പെടുന്നവരെ ആയിരിക്കും ആദ്യം നാട്ടിലെത്തിക്കുക. എല്ലാവരുടെയും സഹായസഹകരണം അദ്ദേഹം അഭ്യർഥിച്ചു.