കുവൈത്ത് സിറ്റി: രാജ്യത്തെ ചില തീരപ്രദേശങ്ങളിൽ മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് സംബന്ധിച്ച് തിങ്കളാഴ്ച പാർലമെൻറിലെ പരിസ്ഥിതി സമിതി ചർച്ചചെയ്യും. സമിതി മേധാവി എം.പി. ആദിൽ അൽ ദംഹി പ്രാദേശിക പത്രത്തോട് അറിയിച്ചതാണ് ഇക്കാര്യം.
യോഗത്തിലേക്ക് പൊതുമരാമത്ത് മന്ത്രാലയത്തിലെയും വ്യവസായ അതോറിറ്റിയിലെയും പ്രതിനിധികളെയും വിളിപ്പിച്ചിട്ടുണ്ട്. മത്സ്യങ്ങൾ കൂട്ടത്തോടെ ചാവാനുള്ള കാരണങ്ങളെ സംബന്ധിച്ച് പൊതു നിഗമനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പാർലമെൻറ് സമിതി അടിയന്തര യോഗം ചേരുന്നത്. ശുദ്ധജല നിർമാണശാലകൾക്ക് സമീപത്തെ ചത്തൊടുങ്ങിയ മത്സ്യങ്ങളെ നിരീക്ഷിച്ചപ്പോൾ പ്രത്യേകതരം ബാക്ടീരിയകൾ കൂടിയ അളവിൽ കണ്ടെത്തിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത്- വ്യവസായ വകുപ്പുകളിൽനിന്ന് കൂടുതൽ വിശദീകരണം തേടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ശുവൈഖ് ഉൾപ്പെടെ രാജ്യത്തെ തീരപ്രദേശങ്ങളിലെ കടലിൽ വലിയ മത്സ്യമുൾപ്പെടെ ചത്തുപൊങ്ങുന്നത് തുടരുകയാണ്. കുൈവത്ത് തീരത്ത് സമുദ്രത്തിൽ ഉപ്പിെൻറ അളവ് കുറഞ്ഞത് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായെന്നാണ് പരിസ്ഥിതി അതോറിറ്റിയുടെ വിശദീകരണം. മേഖലയിൽ മലിനജലം വൻതോതിൽ കടലിലേക്ക് ഒഴുക്കപ്പെട്ടത് കാരണം ലവണത്വം കുറഞ്ഞതായി വകുപ്പ് വിലയിരുത്തി. മത്സ്യബന്ധനത്തിലേർപ്പെടുന്നവർ വിൽക്കാൻ കൊള്ളാത്ത ഇനങ്ങളെ കടലിലേക്കുതന്നെ തിരിച്ചെറിയുന്നതാണ് മത്സ്യം ചത്തുമലക്കുന്നതിന് കാരണമെന്ന പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആരോപണം കുവൈത്ത് മത്സ്യബന്ധന യൂനിയൻ തള്ളിയിട്ടുണ്ട്.
സ്വാഭാവികവും അല്ലാത്തതുമായ കാരണങ്ങളുടെ സങ്കലനമെന്നാണ് ശാസ്ത്ര ഗവേഷണ കേന്ദ്രം മത്സ്യങ്ങൾ ചത്തുപൊങ്ങിയത് സംബന്ധിച്ച് വിശദീകരിക്കുന്നത്. കാലാവസ്ഥയിലുണ്ടായ പെെട്ടന്നുള്ള മാറ്റത്തെയാണ് സ്വാഭാവികം അഥവാ പ്രകൃതിപരമായ കാരണമായി എണ്ണിയിട്ടുള്ളത്. മലിനജലം കടലിലേക്ക് ഒഴുക്കിയതാണ് മറ്റു കാരണം. പരിസ്ഥിതി അതോറിറ്റിയുടെ പഠനത്തിലും മലിനജലം അമിതമായി കടലിലേക്ക് ഒഴുക്കിവിട്ടത് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായതായി കണ്ടെത്തിയിട്ടുണ്ട്.
25 ടൺ മത്സ്യമാണ് ഒരാഴ്ചക്കിടെ ശുവൈഖ് ഉൾപ്പെടെ കുവൈത്തിെൻറ കടൽ തീരത്ത് ചത്തടിഞ്ഞത്. അതേസമയം, വിപണിയിലെ മത്സ്യം സുരക്ഷിതമാണെന്നും വിൽപനക്ക് വെച്ച മത്സ്യം പരിശോധന നടത്തി മനുഷ്യോപയോഗത്തിന് പറ്റുന്നതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.