ബഹ്റൈൻ :നിലവിൽ സ്പോൺസർ ഇല്ലാതെ ജോലിചെയ്യുവാൻ സാധിക്കുന്ന ഫ്ലെക്സി വർക്ക് പെർമിറ്റിൽ മാറ്റം വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കിരീടവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി മുന്നോട്ടുവച്ച നിർദേശങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. നിലവിൽ നിർദ്ദേശിക്കപ്പെട്ട ഇരുപതു തസ്തികകളിൽ ആണ് ഫ്ലെക്സി വർക്ക് പെർമിറ്റ് ഉള്ളവർക്ക് ജോലി ചെയുവാൻ സാധിക്കുന്നത് .എല്ലാ തൊഴിലുകളും പ്രഥമപരിഗണന സ്വദേശികൾക്ക് നൽകാനും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും പുതിയ നിയമം ഏർപ്പെടുത്തിയതെന്നു അധികൃതർ അറിയിച്ചു. കഴിഞ്ഞ കാലത്തു ഇതുമായി ബന്ധപ്പെട്ട് ഷൂറ കൗൺസിലും പാർലമെന്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യും നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. ഫ്ലെക്സി വിസയുള്ളവരെ അവർക്ക് അനുവദിച്ച മേഖലയിൽ മാത്രമേ ജോലി ചെയ്യിപ്പിക്കുവാൻ പാടുള്ളു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കാനും അതിൽ വ്യവസ്ഥയുണ്ട്. ഫ്ളക്സി വിസയ്ക്കായി അപേക്ഷിച്ച വർ അത് ലഭിച്ചതിനു ശേഷം മാത്രമേ ജോലി ചെയ്യുവാൻ പാടുള്ളു. പുതിയ വ്യവസ്തകളുടെ നടത്തിപ്പിനായി ബന്ധപ്പെട്ട പ്രതിനിധികൾ അടങ്ങുന്ന പ്രത്യേക സമിതിയെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.