ബഹ്റൈൻ
മനാമ: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് തയാറാക്കിയ മുൻഗണനാ പട്ടികയിൽ ഉള്ളവർക്കാണ് ടിക്കറ്റ് നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് എയർ ഇന്ത്യ ഒാഫിസ് അടച്ചിരിക്കുന്നതിനാൽ എംബസിയിൽ തന്നെയാണ് താൽക്കാലിക ഒാഫിസ് തുറന്ന് ടിക്കറ്റ് നൽകുന്നത്. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽനിന്ന് ബന്ധപ്പെടുന്നുണ്ട്. ഇവർ പാസ്പോർട്ട് അടക്കമുള്ള രേഖകളുമായി എംബസിയിൽ ചെന്ന് ടിക്കറ്റ് വാങ്ങണം. കൊച്ചിയിലേക്ക് 84 ദിനാറും കോഴിക്കോട്ടേക്ക് 79 ദിനാറുമാണ് ടിക്കറ്റ് നിരക്ക്. ഇതിനോടകം നൂറോളം പേർക്ക് ടിക്കറ്റ് ലഭിച്ചു കഴിഞ്ഞു.യാത്ര പുറപ്പെടുന്നവർ ബഹ്റൈനിൽ കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല. ഇത്രയധികം പേർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ടെസ്റ്റ് നടത്തുക പ്രായോഗികമല്ലെന്നാണ് എംബസി അധികൃതർ വ്യക്തമാക്കിയത്. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ് തെർമൽ സ്ക്രീനിങ് നടത്തും.പൊതുമാപ്പ് ലഭിച്ചവർ, ജോലി നഷ്ടമായവർ, വിസ കാലാവധി കഴിഞ്ഞവർ, രോഗികൾ, ഗർഭിണികൾ, ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് പോകുന്നവർ, സന്ദർശക വിസയിൽ എത്തിയവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതിനാൽ തിരിച്ചുപോകുന്ന വിദ്യാർഥികൾ എന്നിവർക്കാണ് മുൻഗണന. യാത്രക്കാർക്ക് 25 കിലോ ചെക്ക് ഇൻ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗുമാണ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുക.നാട്ടിലേക്ക് തിരിച്ചുപോകാൻ ബുധനാഴ്ച വരെ 12,000ത്തോളം പേരാണ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട്ടുള്ള വിമാനം മേയ് 11നാണ് പുറപ്പെടുക ഇതിലെ യാത്രക്കാർക്കുള്ള ടിക്കറ്റ് വിതരണം ശനിയാഴ്ച
തുടങ്ങും.
യു. എ. ഇ
കോവിഡ്–19 വരുത്തിവച്ച ആശങ്കകൾക്കും മാനസിക പിരിമുറുക്കങ്ങൾക്കും വിരാമമിട്ട് നാട്ടിലേക്കുള്ള ആദ്യവിമാനം പറന്നുയരുമ്പോൾ അതിൽ ഇടംപിടിക്കാനായ സന്തോഷത്തിലാണ് യാത്രക്കാർ. പ്രായമായവർ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, വീസാ കാലാവധി കഴിഞ്ഞവർ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ തുടങ്ങി പല കാരണങ്ങളാൽ അടിയന്തരമായി നാട്ടിൽ എത്തേണ്ടവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ആദ്യവിമാനം വൈകിട്ട് 4.10ന് അബുദാബിയിൽ നിന്നാണ് പറക്കുക. ദുബായിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 344 വിമാനം വൈകിട്ട് അഞ്ചിനായിരിക്കും കോഴിക്കോട്ടേയ്ക്ക് പറക്കുകയെന്നും എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. ഇൗ വിമാനത്തിൽ 175 പേരും അബുദാബിയിൽ കൊച്ചിയിലേയ്ക്കുള്ള വിമാനത്തിൽ 179 പേരും യാത്രയാവും. രണ്ട് കേന്ദ്രങ്ങളിലേയ്ക്കും 735 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ തുടങ്ങിയ ചില കേന്ദ്രങ്ങളിലേയ്ക്കും ഇതേ നിരക്കു തന്നെ. യാത്രക്കാർ 25 കിലോ ഗ്രാമാണ് ബാഗേജ് കൊണ്ടുപോകാൻ സാധിക്കു. 7 കിലോ ഗ്രാം ഹാൻഡ് ലഗേജും എടുക്കാം.
മസ്കറ്റ്
മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് വിതരണത്തിനുള്ള നടപടികൾ തുടങ്ങി. ഇന്ത്യൻ എംബസി തയാറാക്കിയ മുൻഗണനാ പട്ടിക എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് കൈമാറിയതായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ജനറൽ സെയിൽസ് ഏജൻറായ നാഷനൽ ട്രാവൽസിലാണ് പണം അടക്കേണ്ടത്. ട്രാവൽസിൽ നിന്ന് ആളുകളെ ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്. 71 റിയാലാണ് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. എംബസിയിൽ 600ഒാളം പേരെ ടെലിഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 250ഒാളം പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. ഇൗ പട്ടികയിൽ നിന്നാണ് അന്തിമ മുൻഗണനാ പട്ടിക തയാറാക്കിയത്. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, വയോധികർ, വിസ തീർന്നും ജോലി നഷ്ടപ്പെട്ടും കുടുങ്ങിക്കിടക്കുന്നവർ തുടങ്ങിയവർക്കാണ് മുൻഗണന. ഒമ്പതിന് വൈകീട്ട് 4.15ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.50നായിരിക്കും കൊച്ചിയിൽ എത്തുക. മസ്കത്ത് ഗവർണറേറ്റിൽ ലോക്ഡൗൺ നില നിൽക്കുന്നതിനാൽ മറ്റ് ഗവർണറേറ്റുകളിൽ ഉള്ളവരെ ആദ്യ വിമാനത്തിൽ പരിഗണിച്ചിട്ടില്ല. യാത്ര പുറപ്പെടുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. വിമാനത്തിൽ കയറുന്നതിനുമുമ്പ് എല്ലാവർക്കും തെർമൽ സ്ക്രീനിങ് നടത്തും. സർക്കാർ നിർദേശിച്ച പ്രകാരം സാക്ഷ്യപത്രവും നൽകണം. പ്രവാസികളെ തിരിച്ചുകൊണ്ടുപോകുന്നതിനായി മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് വിതരണത്തിനുള്ള നടപടികൾ തുടങ്ങി. ഇന്ത്യൻ എംബസി തയാറാക്കിയ മുൻഗണനാ പട്ടിക എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് കൈമാറിയതായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ജനറൽ സെയിൽസ് ഏജൻറായ നാഷനൽ ട്രാവൽസിലാണ് പണം അടക്കേണ്ടത്. ട്രാവൽസിൽ നിന്ന് ആളുകളെ ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്. 71 റിയാലാണ് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. എംബസിയിൽ 600ഒാളം പേരെ ടെലിഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 250ഒാളം പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. ഇൗ പട്ടികയിൽ നിന്നാണ് 177 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒൻപതാം തീയതി വൈകീട്ട് 4.15ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.50നായിരിക്കും കൊച്ചിയിൽ എത്തുക. വിമാനത്തിൽ കയറുന്നതിനുമുമ്പ് എല്ലാവർക്കും തെർമൽ സ്ക്രീനിങ് നടത്തും. സർക്കാർ നിർദേശിച്ച പ്രകാരം സാക്ഷ്യപത്രവും നൽകണം.സലാലയിൽനിന്ന് വിമാന സർവിസുകൾ ഇല്ലാത്തതിലും പ്രതിഷേധമുയരുന്നുണ്ട്.
ഖത്തർ
ഖത്തറിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആദ്യസംഘത്തിലെ യാത്രക്കാരിൽ ഗർഭിണികളും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളും പ്രായമായവരും ആയിരിക്കും ഉണ്ടാകുക. ദോഹയിലെ ഇന്ത്യൻ എംബസിയിൽ ആദ്യഘട്ടത്തിൽ പേര് രജിസ്റ്റർ ചെയ്ത 40000 പേരിൽനിന്ന് തെരഞ്ഞെടുത്ത 400 പേരെയാണ് ആദ്യ ആഴ് ചയിൽ രണ്ട് വിമാനങ്ങളിലായി അയക്കുന്നത്. ഒൻപതാം തീയതി ഖത്തർ സമയം ഏഴിനായിരിക്കും എയർ ഇന്ത്യ വിമാനം പുറപ്പെടുക. ആദ്യ യാത്രക്കുള്ളവരുടെ ടിക്കറ്റ് വിതരണം നടന്നുകഴിഞ്ഞു ആദ്യ യാത്രയിൽ 177 പേരെയാണ് കൊണ്ടുപോവുക. 155ലധികം ടിക്കറ്റുകൾ ആദ്യദിവസം തന്നെ യാത്രക്കാർ കൈപറ്റി. രജിസ്റ്റർ ചെയ്ത ചുരുക്കം ചിലർ ഇപ്പോൾ പോകുന്നില്ലെന്ന് അറിയിച്ചിട്ടുമുണ്ട്. ഇന്ത്യൻ എംബസിയിൽ നിന്നാണ് തെരഞ്ഞെടുത്ത യാത്രക്കാരെ വിവരമറിയിക്കുന്നത്. മേയ് പത്തിന് മറ്റൊരു വിമാനം ദോഹയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമുണ്ട്. ഇതിലും 200 യാത്രക്കാരെയാണ് കൊണ്ടുപോകുന്നത്. 16000 രൂപയാണ് ടിക്കറ്റ് നിരക്ക്.
കുവൈറ്റ്
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ ആദ്യ പരിഗണന ഗർഭിണികൾക്ക്. തുടർന്ന് അർബുദ രോഗികൾക്കും പിന്നീട് കുവൈത്തിൽ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപത്രമുള്ള രോഗികൾക്കുമാണ് മുൻഗണന. ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട് വെള്ളിയാഴ്ചയാണ് കുവൈത്തിൽനിന്നുള്ള ആദ്യവിമാനം പുറപ്പെടുന്നത്.
സൗദി
സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെയും വഹിച്ചുള്ള ആദ്യവിമാനം വെള്ളിയാഴ്ച ഉച്ചക്ക് 12.35ന് റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് തിരിക്കുമെന്ന് അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ റിയാദിൽനിന്ന് ഡൽഹിയിലേക്കും ദമ്മാമിൽനിന്ന് കൊച്ചിയിലേക്കും ജിദ്ദയിൽനിന്ന് ഡൽഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ പറക്കും. 14 വരെയാണ് ആദ്യഘട്ടത്തിൽ വിമാനം ക്രമീകരിച്ചിരിക്കുന്നത്. ഒാരോ വിമാനത്തിലും 177 യാത്രക്കാരെയാണ് കൊണ്ടുപോവുക. ആദ്യ ആഴ്ചയിൽ 1000ത്തോളം ആളുകൾ ഇങ്ങനെ പോകും.