കേന്ദ്രം കൂടുതല്‍ വിമാന സര്‍വീസുകള്‍ക്കോ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കോ അനുമതി നല്‍കണം: ബഹ്‌റൈന്‍ കെ.എം.സി.സി

മനാമ: കൊവിഡ് പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ദുരിതമനുഭവിക്കുന്നവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുകയോ അല്ലെങ്കില്‍ പ്രവാസി സംഘടനകള്‍ക്ക് ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താനുള്ള അനുമതി നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. പ്രതിസന്ധിഘട്ടത്തില്‍ തിരികെ നാട്ടിലെത്തണമെന്നത് ഏതൊരു പൗരന്റെയും ആഗ്രഹവും അതിലുപരി അവകാശവുമാണ്. ജോലി നഷ്ടപ്പെട്ടവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗബാധിതര്‍ തുടങ്ങി നിരവധി ഇന്ത്യക്കാരാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ ദുരിതമനുഭവിക്കുന്നത്.
ഇതുവരെ കൊച്ചി, കോഴിക്കോട്, ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളിലേക്കായി നാല് വിമാന സര്‍വീസ് മാത്രമാണ് ബഹ്‌റൈനില്‍നിന്ന് നടത്തിയത്. ദുരിതമനുഭവിക്കുന്ന ഇരുപതിനായിരത്തോളമാളുകള്‍ അടിയന്തരമായി തിരികെ സ്വദേശത്തേക്ക് പോകണമെന്ന ആഗ്രഹവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാത്തതിനാല്‍ പലരും പ്രവാസി സംഘടനകളുടെ കാരുണ്യത്തിലാണ് കഴിഞ്ഞുപോകുന്നത്. ഇവരുടെ ദുരവസ്ഥ മനസിലാക്കിയാണ് കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകള്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താന്‍ തയാറായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ കഴിയില്ലെങ്കില്‍ പ്രവാസി സംഘടനകള്‍ക്ക് ചാര്‍ട്ടേഡ് വീമാന സര്‍വീസിനുള്ള അനുമതി നല്‍കാനെങ്കിലും കേന്ദ്രം തയാറാകണം. ഇത് പ്രവാസിലോകത്തിന് ഏറെ ആശ്വാസമാകുമെന്നും ബഹ്‌റൈൻ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
ബഹ്‌റൈനില്‍ കഴിയുന്ന മറ്റ് രോഗബാധിതരായ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍നിന്ന് മരുന്ന് പോലും ലഭിക്കാത്ത സ്ഥിതിയാണ്. അടുത്ത ബന്ധുക്കളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ പോകാന്‍ പോലും സാധിക്കാതെ സങ്കടപ്പെടുന്ന നിരവധി പ്രവാസികളുമുണ്ട്. ഇവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസിലാ ക്കാന്‍ കേന്ദ്രത്തിന് സാധിക്കണമെന്നും പ്രവാസികള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രം തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.