റോം ∙ വെള്ളിയാഴ്ച മധ്യഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധിപേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്. വളരെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ കാന്റിയാനോ ഗ്രാമത്തിലെ തെരുവുകൾ നദികളായി മാറി. ചെളിവെള്ളം കാറുകളെ ഒഴുക്കിക്കൊണ്ടുപോയി.
വഴിയോര റസ്റ്ററന്റുകളിൽ നിമിഷങ്ങൾക്കുള്ളിൽ ചെളിയും വെള്ളവും അടിച്ചുകയറിയത് ഏറെ നഷ്ടമുണ്ടാക്കി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ ഒന്നാം നിലയിൽവരെ വെള്ളവും ചെളിയും ഒഴുകിയെത്തിയത് രക്ഷാപ്രവർത്തനം കൂടുതൽ പ്രയാസമാക്കിയതായി സിവിൽ പ്രൊട്ടക്ഷൻ ചീഫ് ലൂയിജി ഡി ആഞ്ചലോ, റീജിയണൽ സിവിൽ പ്രൊട്ടക്ഷൻ ഡയറക്ടർ സ്തെഫാനോ സ്തെഫോഫോണി എന്നിവർ പറഞ്ഞു.
നിരവധി പേർ വീടിന്റെ മുകൾ നിലയിൽ കയറിയും മരത്തിനു മുകളിൽ കയറിയുമാണ് രക്ഷപ്പെട്ടത്. പിന്നീട് രക്ഷാപ്രവർത്തകർ എത്തി ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഏതാണ്ട് അൻപതോളം പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.