ഫോക്കസ് കോൺക്ലേവ് വെള്ളിയാഴ്ച; ഹ്രസ്വ ചിത്രം റിലീസ് ചെയ്യും

മസ്ക്കറ്റ് .അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനലിന്റെ ഒമാൻ റിജ്യൻ സംഘടിപ്പിക്കുന്ന ഫോക്കസ് കോൺക്ലേവ് സെപ്റ്റംബർ ഒൻപത് വെള്ളി വൈകിട്ട് 8.15ന് റുവി ഗോൾഡൻ തുലിപ് ഹെഡിങ്ടൺ ഗ്രാൻഡ് ഹാളിൽ നടക്കും. സോഷ്യൽ സമ്മിറ്റ്, ഫിലിം റിലീസ്, പബ്ലിക് കോൺഫറൻസ് എന്നിവ ഇതിന്റെ ഭാഗമായി നടക്കും. വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക, സാംസ്ക്കാരിക, പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് ഫോക്കസ് ഇന്റർനാഷനൽ. ഫോക്കസ് ഇന്ത്യയുമായി സഹകരിച്ചാണ് ഫോക്കസ് ഇന്റർനാഷനൽ ഒമാൻ റിജ്യൻ സംഗമം സംഘടിപ്പിക്കുന്നത്.

ഫോക്കസ് ഇന്ത്യക്കു കീഴിൽ നടക്കുന്ന ‘നിർമാൺ 2030’ പ്രോജക്ടിന് പിന്തുണ അറിയിച്ചു കൊണ്ടാണ് മസ്ക്കത്തിൽ സംഗമം സംഘടിപ്പിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളെ ദത്തെടുക്കൽ, അവയുടെ വിദ്യാഭ്യാസ പുരോഗതി, സാമ്പത്തിക സുസ്ഥിരത, തൊഴിൽ സഹായം, ആരോഗ്യമികവ് തുടങ്ങിയവ ലക്ഷ്യം വെച്ചാണ് നിർമാൺ 2030 രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിക്ക് കീഴിൽ ഇതിനകം 200 വീടുകൾ ഫോക്കസ് ഇന്ത്യ നിർമിച്ചു നൽകിയിട്ടുണ്ട്.

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഗ്രാമീണരെ വിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് പ്രാദേശിക ഭാഷയിൽ ഫോക്കസ് ഇന്ത്യ നിർമിച്ച ജ്യോതി എന്ന ഹ്രസ്വചിത്രവും ചടങ്ങിൽ റിലീസ് ചെയ്യും. പൂർണമായും ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ഏറെ പരിശ്രമങ്ങൾക്കു ശേഷമാണ് ഫോക്കസ് ഇന്ത്യ ടീം ചിത്രം പൂർത്തീകരിച്ചത്. നാടക പ്രവർത്തകൻ കെ.പിഎസി അൻസാർ, മാധ്യമപ്രവർത്തകൻ കബീർ യൂസുഫ്, ബദർ അൽസമാ എം ഡി മുഹമ്മദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ഫോക്കസ് ഇന്റർനാഷനൽ സിഒഒ അജ്മൽ ജൗഹർ, ഹുസൈൻ മാസ്റ്റർ, ശരീഫ് വാഴക്കാട്, ഫോക്കസ് ഇന്ത്യാ ഭാരവാഹികളായ ഡോ. യു.പി യഹ്യാ ഖാൻ, മജീദ് പുളിക്കൽ, ഡോ. ലബീദ് അരീക്കോട്, ഹിജാസ് കോഴിക്കോട്, നബീൽ പാലത്ത്, എൻ.പി സക്കീർ തുടങ്ങിയവർ പങ്കെടുത്തു.