ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കരുതല്‍സ്പര്‍ശം-കെ എം സി സി ബഹ്‌റൈൻ

മനാമ: കോവിഡ് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഏര്‍പ്പെടുത്തിയ ഭാഗിക ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കരുതല്‍ സ്പര്‍ശവുമായി കെഎംസിസി ബഹ്‌റൈന്‍. ഭാഗിക ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചവര്‍ക്കും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായവര്‍ക്കുമാണ് കെഎംസിസിയുടെ നേതൃത്വത്തില്‍ കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോഴും റമദാനിലും ആയിരക്കണക്കിന് കിറ്റുകള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. കൂടാതെ 20 ഓളം കോവിഡ് പ്രതിരോധ-സേവന പദ്ധതികളുടെ ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. ഇവയില്‍ പല പദ്ധതികളും ഇപ്പോഴും നടത്തിവരുന്നുണ്ട്.

കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെയുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം കെഎംസിസി സംസ്ഥാന സെക്രട്ടറി എപി ഫൈസല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ സിദ്ധീഖ് കണ്ണൂരിന് നല്‍കി നിര്‍വഹിച്ചു. 200 ഓളം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. കെഎംസിസിയുടെ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേനയാണ് ഭക്ഷ്യക്കിറ്റുകള്‍ സമാഹരിക്കുന്നത്. ഇവ വളണ്ടിയര്‍മാര്‍ മുഖേന ബഹ്‌റൈനിലെ വിവിധയിടങ്ങളില്‍ പ്രയാസപ്പെടുന്നവരിലേക്ക് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്.

ലോകം തന്നെ അതീവഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പരസ്പരമുള്ള കരുതലുകളാണ് സമാശ്വാസമെന്നും കെഎംസിസിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങളും സഹകരണവുമായി എത്തുന്ന എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. പ്രതിസന്ധികാലത്ത് ഏവരും ഉറ്റുനോക്കുന്നത് കെഎംസിസി പോലുള്ള കാരുണ്യസംഘടനകളിലേക്കാണ്. ഈ വിശ്വാസവും പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകും. പ്രതിസന്ധിയകന്ന് ഒരു നല്ല നാളേക്കായി നമുക്ക് പ്രത്യാശിക്കാമെന്നും നേതാക്കള്‍ പറഞ്ഞു.