മസ്കത്ത്: ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച പൊലീസ്, നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണ വിധേയമാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പ്. അതേസമയം വെടിവെപ്പിന് പിന്നിൽ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിനെ തുടർന്ന് നൂതന സാങ്കേതിക മാർഗങ്ങളിലൂടെയോ സോഷ്യൽ മീഡിയകളിലൂടെയോ പൊതു ക്രമത്തെ തകർക്കുന്ന തെറ്റായ വാർത്തകളോ കിംവദന്തികളോ അയയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ് എന്നും മൂന്ന് വർഷം തടവും മൂവായിരം റിയാൽ പിഴയും ലഭിക്കുമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.