പ്രവാസികൾക്ക് യാത്ര സൗജന്യമാക്കണം. സലാല കെഎംസിസി

ദോഫാർ : കോവിഡ് പ്രതിസന്ധിയിൽ ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികളുടെ യാത്രാ ചെലവ് സർക്കാർ വഹിക്കണമെന്ന് സലാല കെഎംസിസി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിലേറെയായി ജോലിയും കൂലിയും ഇല്ലാത്ത പ്രവാസികൾ ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രവാസി സംഘടനകളുടെ കനിവ് കൊണ്ട് മാത്രമാണ് പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നത്. അസുഖം ബാധിച്ചവരും ഗുളിക മുടങ്ങിയവരും അടക്കം വിസ കാലാവധി കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരും അടക്കം മഹാ ഭൂരിപക്ഷം പ്രവാസികളുടെയും പോക്കറ്റ് കാലിയാണ്. ഈ അവസ്ഥയിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക് വിമാന ടിക്കറ്റ് അടക്കം മുഴുവൻ യാത്രാ ചെലവും സർക്കാർ എടുക്കണമെന്ന് കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ജനറൽ സെക്രട്ടറി റഷീദ്‌ കല്പറ്റ ട്രഷറർ സലാം ഹാജി വി പി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രവാസികൾ നാടിന്റെ സ്വത്താണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് ആത്മാർഥതയുണ്ടെങ്കിൽ പ്രവാസികളുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സഹായിക്കണം. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും കത്തയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.