പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യുഎഇ വിസ

ദുബായ്:പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇനി സൗജന്യമായി വിസ ലഭ്യമാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് ആൻഡ് അഫയേഴ്സ് അറിയിച്ചു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുക.എന്നാൽ കുട്ടികള്‍ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കില്ല. യുഎഇക്ക് അകത്തും പുറത്തുമുളള അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി വിസക്കായി അപേക്ഷിക്കാമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. ഇതിനായി സര്‍വീസ് ചാര്‍ജ് മാത്രമാണ് നൽകേണ്ടി വരിക.
ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ അപേക്ഷ നല്‍കിയാല്‍ ഫാമിലി ഗ്രൂപ്പ് വിസ ലഭിക്കും. ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇപ്പോള്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസകള്‍ക്ക് അപേക്ഷിക്കാമെന്നും ജിഡിആര്‍എഫ്എ വ്യക്തമാക്കിട്ടുണ്ട് . 30 മുതല്‍ 60 ദിവസം വരെ ദൈര്‍ഘ്യമുളള വിസയാണ് ലഭ്യമാക്കുന്നത്. 120 ദിവസം വരെ വിസ നീട്ടാനും കഴിയും. പാസ്പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുളളവര്‍ക്ക് മാത്രമേ സൗജന്യ വിസ ലഭിക്കുകയുളളു. ഓണ്‍ലൈന്‍ വഴി 24 മണിക്കൂറും വിസക്ക് അപേക്ഷിക്കാന്‍ ജിഡിആര്‍എഫ്എ സൗകര്യം ഒരുക്കിയിട്ടുണ്ട്.